വാഗമണ്ണില്‍ വ്യാജ പട്ടയം നിര്‍മ്മിച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത് വിറ്റു: പ്രതി റിമാന്റില്‍

വാഗമണ്ണില്‍ വ്യാജ പട്ടയം നിര്‍മ്മിച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത് വിറ്റു: പ്രതി റിമാന്റില്‍

ഇടുക്കി: വാഗമണ്ണില്‍ 3.30 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ആള്‍മാറാട്ടത്തിലൂടെ പട്ടയം സ്വന്തമാക്കി മറിച്ച് വിറ്റ കേസിലെ മുഖ്യപ്രതി വിജിലന്‍സ് പിടിയില്‍. വാഗമണ്‍ റാണിമുടി എസ്റ്റേറ്റ് ഉടമ കൊയ്ക്കാരംപറമ്പില്‍ ജോളി സ്റ്റീഫനെയാണ് (61) ബംഗളൂരുവില്‍ നിന്ന് ഇടുക്കി വിജിലന്‍സ് സംഘം പിടികൂടിയത്.

റവന്യൂ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ വാഗമണ്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 724ല്‍പ്പെട്ട ഭൂമിയാണ് തട്ടിപ്പിലൂടെ പ്രതി സ്വന്തമാക്കി വിറ്റത്. ഇയാള്‍ക്കും പിതാവിനുമായി ഇവിടെ 110 ഏക്കറിലധികം ഭൂമി കൈവശമുണ്ടായിരുന്നു. 1994 ല്‍ പട്ടയമേള നടത്തിയപ്പോള്‍ അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാളുടെ ബന്ധുക്കളുടെ പേരില്‍ അവരറിയാതെ മൂന്ന് മുതല്‍ നാല് ഏക്കര്‍ വരെയുള്ള ഭൂമിക്ക് പട്ടയം സംഘടിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ 12 പേരുടെ പേരിലാണ് പട്ടയമുണ്ടാക്കിയത്. 2012 ല്‍ ഇതില്‍ ജെസി എന്നയാളുടെ പേരിലുള്ള 3.30 ഏക്കര്‍ സ്ഥലത്തെ പട്ടയം ജോളി സ്വന്തം പേരിലേക്ക് മാറ്റിയെഴുതി. പിന്നീട് പ്ലോട്ടുകളാക്കി വന്‍ വിലയ്ക്ക് വിറ്റു.

തന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്ത് വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയെന്ന് കാട്ടി 2019 ല്‍ ജോളിയുടെ മുന്‍ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇതില്‍പ്പെട്ട 3.3 ഏക്കര്‍ സ്ഥലം വ്യാജ പട്ടയമുണ്ടാക്കി മറിച്ച് വിറ്റതാണെന്ന് വിജിലന്‍സ് കണ്ടെത്തിയത്. ജെസിയെ അന്വേഷിച്ച വിജിലന്‍സിന് അങ്ങനെയൊരു ആളെ മേല്‍വിലാസത്തില്‍ കണ്ടെത്താനായില്ല.

ജോളിയുടെ ബന്ധുവായ ജെസിയുടെ വീട്ടിലും അന്വേഷണ സംഘമെത്തിയെങ്കിലും ഇവര്‍ക്ക് അറിവില്ലെന്നാണ് പറഞ്ഞത്. ജോളി മറ്റൊരു ജെസിയെന്ന പേരുകാരിയെ എത്തിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആധാരം നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പിന്നീട് ആ സ്ത്രീ മരിച്ചതായി വിജിലന്‍സ് കണ്ടെത്തി.

80 കോടിയിലധികം രൂപ വരുന്ന സ്വത്തുക്കളാണ് ജോളി കൈയേറി വില്‍പ്പന നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ പല പ്ലോട്ടുകളാക്കി മുറിച്ച് വിറ്റ സ്ഥലത്ത് നിരവധി കെട്ടിടങ്ങളും ഉയര്‍ന്നിട്ടുണ്ട്. 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി വ്യാജ പട്ടയം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രതിക്കൂട്ടിലായ ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് തവണ മുന്‍കൂര്‍ ജാമ്യത്തിന് ജോളി അപേക്ഷ നല്‍കിയിരുന്നു. ആദ്യതവണയും മൂന്നാം തവണയും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. രണ്ടാം തവണ കോടതിയെ കോവിഡാണെന്ന പേരില്‍ കബളിപ്പിക്കാനും ശ്രമിച്ചു.

അവസാനം 2022 നവംബറില്‍ നല്‍കിയ അപേക്ഷയുടെ പുറത്ത് വിജിലന്‍സ് കോടതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. പിന്നീട് ബംഗളൂരുവിലെ ആപ്പിള്‍ ബ്ലോസം അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റ് നമ്പര്‍ 304 ല്‍ നിന്ന് ഇയാളെ പിടി കൂടുകയായിരുന്നു. 17 വര്‍ഷമായി ഇവിടെ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്ത് വരികയാണ് ഇയാള്‍. പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിജിലന്‍സ് കോട്ടയം റേഞ്ച് എസ്.പി വി.ജി വിനോദ്കുമാര്‍, ഡിവൈ.എസ്.പി ഷാജു തോമസ്, സി.ഐ അരുണ്‍ ടി.ആര്‍, എസ്.ഐ ഡാനിയേല്‍, എ.എസ്.ഐ ബേസില്‍, എസ്.സി.പിഒമാരായ റഷീദ്, അഭിലാഷ്, സി.പിഒമാരായ അരുണ്‍ രാമകൃഷ്ണന്‍, സന്ദീപ് ദത്തന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.