സ്‌ഫോടനക്കേസില്‍ എന്‍ഐഎ റെയ്ഡ്: സംസ്ഥാനത്ത് രണ്ട് പേര്‍ കസ്റ്റഡിയില്‍; ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

സ്‌ഫോടനക്കേസില്‍ എന്‍ഐഎ റെയ്ഡ്: സംസ്ഥാനത്ത് രണ്ട് പേര്‍ കസ്റ്റഡിയില്‍; ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടന കേസുകളുമായി മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ കേരളത്തില്‍ നിന്നും രണ്ട് പേര്‍ കസ്റ്റഡിയില്‍. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്.

ആലുവയില്‍ പണമിടപാട് നടത്തുന്ന അശോകന്‍, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.

പാനായിക്കുളം സ്വദേശിയും ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയുമായിരുന്ന സീനിമോന്റെ വീട്ടിലും പരിശോധന നടന്നു. ഇയാളോട് നാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡ് നടന്ന ഇടങ്ങളില്‍ നിന്ന് ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു.

മംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം 19 ന് നടന്ന പ്രഷര്‍ കുക്കര്‍ ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ പരിശോധന. ഈ കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് കേരളത്തില്‍ എത്തിയ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും റെയ്ഡ് നടന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.

തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, ചെന്നെ, നാഗപട്ടണം, തിരുനെല്‍വേലി, മയിലാടുതുറ, തിരുപ്പൂര്‍, തെങ്കാശി, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, തൃച്ചന്തൂര്‍ എന്നീ ജില്ലികളിലായി റെയ്ഡ് നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.