മൂന്ന് വര്‍ഷമായി മയക്കു മരുന്ന് ക്യാരിയര്‍; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം: ബാലാവകാശ കമ്മിഷന്‍ കേസെടുക്കും

മൂന്ന് വര്‍ഷമായി മയക്കു മരുന്ന് ക്യാരിയര്‍; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം: ബാലാവകാശ കമ്മിഷന്‍ കേസെടുക്കും

കോഴിക്കോട്: മൂന്ന് വര്‍ഷമായി മയക്കു മരുന്ന് ക്യാരിയറായി പ്രവര്‍ത്തിച്ചുവെന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. കുട്ടിയുടെ വെളിപ്പെടുത്തലില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുക്കും.

ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ഇടനിലക്കാരാണ് കുട്ടിയെ ക്യാരിയറാക്കിയതെന്നാണ് വിവരം. ഇത്തരത്തില്‍ നിരവധി കുട്ടികള്‍ മയക്കുമരുന്ന് ക്യാരിയറായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഡീ അഡിക്ഷന്‍ സെന്ററിലാക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട കൗണ്‍സിലിങ്ങിലൂടെയും ചികിത്സയിലൂടെയുമാണ് കുട്ടിയെ മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് മുക്തയാക്കിയത്.

മൂന്നുവര്‍ഷമായി മയക്കുമരുന്ന് ക്യാരിയറായി പ്രവര്‍ത്തിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ നിന്ന് പഠിച്ചു പോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചിരുന്നു. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മയാണ് ടീച്ചറോട് വിവരം പറഞ്ഞത്.

ബംഗളൂരുവില്‍ പോയപ്പോള്‍ അവിടെയും ആളുണ്ടെന്നും അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവരാനും നിര്‍ദേശിച്ചു. അതുപ്രകാരം അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവന്നെന്നും കുട്ടി പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കാനായി കൈയ്യിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കു മരുന്ന് ഉപയോഗം കണ്ടെത്തിയത്.

പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് അസി. കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് അസി. കമ്മീഷണര്‍ കെ. സുദര്‍നന്‍ അറിയിച്ചു.

അതേസമയം സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുക്കും. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണറോട് റിപ്പോര്‍ട്ടും തേടും. അത്യന്തം ഗൗരവമുള്ള വിഷയമാണിതെന്നും സ്‌കൂളുകളിലും ജാഗ്രത വര്‍ധിപ്പിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു.

റോയല്‍ ഡ്രഗ്‌സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് കുട്ടി ലഹരിക്കടത്ത് മേഖലയിലേക്ക് എത്തിയത്. വര്‍ഷങ്ങളായി കുട്ടി ഡ്രഗ് അഡിക്റ്റാണ്. റോയല്‍ ഡ്രഗ്‌സ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയെപ്പറ്റിയും ആരൊക്കെയാണ് ഇതിന് പിന്നിലുള്ളതെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

എസിപി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. കുട്ടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. റോയല്‍ ഡ്രഗ്‌സ് ഗ്രൂപ്പില്‍ ഉള്ളവര്‍ക്കാണ് ലഹരി എത്തിക്കുന്നത്. എം.ഡി.എം.എ വില്‍ക്കുന്നതിന്റെ ചെറിയ കമ്മിഷന്‍ പെണ്‍കുട്ടിക്കും ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.