ഓക്‌ലാൻഡ്: ന്യൂസിലൻഡിൽ ആഞ്ഞടിച്ച ഗബ്രിയേൽ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. നോർത്ത് ഐലൻഡിൽ ചുഴലിക്കാറ്റ് ദുരന്തം വിതച്ച് ഒരാഴ്ചയ്ക്ക് ശേഷം, ഹാക്ക്സ് ബേ മേഖലയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ഇതോടെയാണ് ആകെ മരണങ്ങൾ 11 ആയി ഉയർന്നത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 12 ന് നോർത്ത് ഐലൻഡിന്റെ ഏറ്റവും ഉയർന്ന പ്രദേശത്താണ് ചുഴലിക്കാറ്റ് ആദ്യം വീശിയടിച്ചത്. പിന്നീട് കിഴക്കൻ തീരത്ത് എത്തിയ ചുഴലിക്കാറ്റ്, ആ മേഖലയിലും വ്യാപകമായ നാശം വിതച്ചു. ന്യൂസിലൻഡിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഗബ്രിയേൽ എന്നാണ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് വിശേഷിപ്പിച്ചത്.
രാജ്യത്തുടനീളം 5,600 ലധികം ആളുകളെ ബന്ധപ്പെടാനാകാതെ തുടരുകയാണ്. സഹായങ്ങൾക്ക് അഭ്യർത്ഥിച്ചവരിൽ 1,196 പേർ സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു. ഇപ്പോഴും കാണാതായ 10 പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അവരെക്കുറിച്ച് തങ്ങൾക്ക് കടുത്ത ഭയമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ ഒന്നാകെ നശിച്ച പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും കൊള്ളക്കാർക്കെതിരെ കാവലിരിക്കാനും മേഖലയിലെ മറ്റ് താമസക്കാർ ഒന്ന് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഓക്‌ലാൻഡിൽ നിന്ന് 60 കിലോമീറ്റർ പടിഞ്ഞാറുള്ള മുരിവായ്, പിഹ എന്നീ തീരപ്രദേശങ്ങളിൽ തകർന്ന വീടുകൾ, പുനർനിർമിക്കുന്നതിനായി ദ്രുതഗതിയിലുള്ള പ്രവർത്തങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ നടപടികൾ ഓക്‌ലൻഡ് കൗൺസിലിൽ നിന്നുള്ള സംഘങ്ങൾ വിലയിരുത്തി.
ചുഴലിക്കാറ്റിനെത്തുടർന്ന് ഒറ്റപ്പെട്ടുപോയ സമൂഹങ്ങൾക്ക് വേണ്ട അടിയന്തര ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റും അധികാരികളും സൈന്യവും ചേർന്ന് ശനിയാഴ്ച ഹെലികോപ്റ്റർ വഴി വിതരണം നടത്തി.
ശനിയാഴ്ച രാജ്യവ്യാപകമായി 62,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഹോക്ക്സ് ബേയിൽ മാത്രമായി ഏകദേശം 40,000 പേർക്കാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. ഏകദേശം 1,70,000 പേരാണ് ഹോക്ക്സ് ബേയിൽ ജീവിക്കുന്നത്.
ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കും ഹോക്‌സ് ബേ, തൈരാവിത്തി എന്നിവിടങ്ങളിലേക്കും ദുരിതബാധിതരെ സഹായിക്കുന്നതിനായി പോലീസ് 100 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 50 ലക്ഷമുള്ള ജനസംഖ്യയിൽ മൂന്നിലൊന്ന് പേരെയും പ്രകൃതിദുരന്തം ബാധിച്ചതോടെ ന്യൂസിലാൻഡിന്റെ ചരിത്രത്തിലെ മൂന്നാമത്തെ അടിയന്തരാവസ്ഥ പ്രധാനമന്ത്രി ക്രിസ് ഹോപ്കിൻസ് പ്രഖ്യാപിച്ചിരുന്നു.
നദികൾ കരകവിഞ്ഞതോടെ നിരവധി പേർ വീടുകളിൽനിന്ന് നീന്തിയാണ് രക്ഷപ്പെട്ടത്.പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഹാക്ക്സ് ബേ, കോറമാൻഡൽ, നോർത്ത്ലാൻഡ് പ്രദേശങ്ങളിലാണ് കൂടുതലായും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ബാധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.