രാജ്യത്ത് മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു; ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

രാജ്യത്ത് മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു; ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡല്‍ഹി: രാജ്യത്ത് ഭരണ ഘടന നല്‍കുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. സമീപകാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ 79 ക്രിസ്ത്യന്‍ സഭ-സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയം കേന്ദ്രം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും താഴേ തട്ടില്‍ ഇത് പ്രാവര്‍ത്തികമാകുന്നില്ല. വൈദികര്‍ക്കും സന്യസ്തര്‍ക്കും പാസ്റ്റര്‍മാര്‍ക്കുമെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവര്‍ക്കെതിരെ പലയിടത്തും അക്രമങ്ങള്‍ നടക്കുന്നു. ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യമാണ്. ക്രൈസ്തവര്‍ക്ക് എതിരെ മാത്രമല്ല മറ്റു മത വിഭാഗങ്ങള്‍ക്ക് എതിരെയും ആക്രമണം നടക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ ഒരാള്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

പ്രതിഷേധ സമരത്തില്‍ കറുത്ത ബാന്റ് അണിഞ്ഞ് ആര്‍ച്ച് ബിഷപ്പുമാരായ കുര്യാക്കോസ് ഭരണികുളങ്ങര, അനില്‍കൂട്ടോ എന്നിവരടക്കം പങ്കെടുത്തു. ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ കഴിഞ്ഞ കൊല്ലം 1198 ആക്രണങ്ങള്‍ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആരോപിച്ചു. അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി.

ഭരണഘടന നല്‍കുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവുമാണ് ഹനിക്കപ്പെടുന്നതെന്ന് ഫരീദാബാദ് രൂപത അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.