കളങ്കിതരെ ചുമക്കില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

കളങ്കിതരെ ചുമക്കില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: കളങ്കിതരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വസ ഫണ്ട് തട്ടിപ്പിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ താക്കീത്.

വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് ഉള്ളത് ലാഭചിന്തകള്‍ മാത്രമാണ്. കളങ്കിതരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ നീക്കം ഉണ്ടായാല്‍ വേണ്ട നടപടി എടുക്കാന്‍ അത്ര ബുദ്ധിമുട്ടോ തടസമോ ഇല്ല. ഇത് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാതാണ്.

ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശഖരണം, അന്വേഷണം സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. ചില മേഖലകളില്‍ കുറച്ചുകാലം സര്‍വീസ് ഉള്ള ആളുകള്‍ തന്നെ സര്‍വീസില്‍ നിന്ന് പുറത്തായ കാഴ്ച നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

അത് ആ ഒരു മേഖലയ്ക്ക് മാത്രം ബാധകമല്ല. നമ്മളിലര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വഹിക്കാതെ വ്യക്തിപരമായ ലാഭേഛയോടെ സംസ്ഥാനത്തിന് ആകെയും കളങ്കമുണ്ടാക്കുന്ന വ്യക്തിത്വങ്ങളെ തുടര്‍ന്നു ചുമന്നുപോകേണ്ട ബാധ്യത സര്‍ക്കാരിനുണ്ടാവില്ല.

പൊതുജനങ്ങളുടെ പണം ഏതെങ്കിലും രീതിയില്‍ കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതരുത്. ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ അവരെ ബുദ്ധിമുട്ടിക്കുന്ന നിലപാട് ആരും സ്വീകരിക്കാന്‍ പാടില്ല.

ഇങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. സിവില്‍ സര്‍വീസിലുള്ള പുഴുക്കുത്തുകളായി മാത്രമെ അവരെ കണക്കാക്കാന്‍ പറ്റുള്ളു. അത്തരം പുഴുക്കുത്തുകളെ കണ്ടെത്താന്‍ കൂടി നേരെചൊവ്വെ പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാകണം. അവര്‍ക്കെതിരെ സമൂഹം ആഗ്രഹിക്കുന്ന രിതിയില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.