605 കോടിയുടെ അനുമതി; എട്ട് ആശുപത്രികള്‍ നവീകരിക്കും

605 കോടിയുടെ അനുമതി; എട്ട് ആശുപത്രികള്‍ നവീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളുടെ നവീകരണത്തിനായി 605.49 കോടിയുടെ സാമ്പത്തികാനുമതി. എട്ട് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബി തുക അനുവദിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രി 50.06 കോടി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി 91.88 കോടി, തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രി 76.51 കോടി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി 36.19 കോടി, കണ്ണൂര്‍ ജില്ലാ ആശുപത്രി 10.70 കോടി, എറണാകുളം കോതമംഗലം താലൂക്കാശുപത്രി 11.21 കോടി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് 43.75 കോടി, തൃശൂര്‍ മെഡിക്കല്‍ കോളജ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ബ്ലോക്ക് 279.19 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്.

എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഈ വര്‍ഷം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കും.

എസ്.എ.ടി.യിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ജനിറ്റിക് ലാബ് ആരംഭിക്കും. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സാ ചെലവും പരിശോധനാ ചെലവും കുറയ്ക്കാനുമായി ആരോഗ്യ വകുപ്പ് കര്‍മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ടു പോകാനാണ് ആലോചിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.