യു.പിയില്‍ സ്ഫോടന പദ്ധതികള്‍ ആസൂത്രണം ചെയ്ത ഏഴ് ഐ.എസ് ഭീകരര്‍ക്ക് വധ ശിക്ഷ

യു.പിയില്‍ സ്ഫോടന പദ്ധതികള്‍ ആസൂത്രണം ചെയ്ത ഏഴ് ഐ.എസ് ഭീകരര്‍ക്ക് വധ ശിക്ഷ

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വന്‍ ബോംബ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത കേസില്‍ ഏഴ് ഐ.എസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച് ലക്നൗ എന്‍ഐഎ കോടതി. ഒരു ഭീകരന് ജീവപര്യന്തം കഠിന തടവും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ജഡ്ജി വി.എസ്. ത്രിപാഠി നിരീക്ഷിച്ചു.

മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, മുഹമ്മദ് അഹ്‌സര്‍, ആതിഫ് മുസാഫര്‍, മുഹമ്മദ് ഡാനിഷ്, സയിദ് മീര്‍ ഹുസൈന്‍, റോക്കി എന്ന ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്കാണ് തൂക്കുകയര്‍. ആസിഫ് ഇറാനി എന്ന മുഹമ്മദ് ആതിഫിനാണ് ജീവപര്യന്തം. യുഎപിഎ വകുപ്പുകള്‍ അടക്കമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ആതിഫ് മുസാഫര്‍, മുഹമ്മദ് ഡാനിഷ്, സയിദ് മീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് 2017 മാര്‍ച്ച് ഏഴിന് ഭോപ്പാല്‍-ഉജ്ജയിന്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തിലും പങ്കുളളതായി കണ്ടെത്തിയിരുന്നു. വിചാരണഘട്ടത്തിലുള്ള ആ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഫൈസല്‍ അറസ്റ്റിലായതോടെയാണ് ഉത്തര്‍പ്രദേശിലെ സ്ഫോടന പദ്ധതി അന്വേഷണഏജന്‍സികള്‍ മനസിലാക്കിയത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് എട്ട് ഭീകരര്‍ കാണ്‍പൂരില്‍ പിടിയിലായത്. കാണ്‍പൂര്‍-ഉന്നാവ് റെയില്‍വേ ട്രാക്കില്‍ ബോംബ് സ്ഫോടനം നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം.

ദസ്‌റ ആഘോഷത്തിനിടെ യു.പിയിലെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്താനും ഭീകരര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ഉന്നാവിലെ ഗംഗാ ഘട്ടില്‍ പരീക്ഷണ സ്ഫോടനം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.