പഞ്ച് ഡയലോഗ് അടിച്ച് സുരേഷ് ഗോപി പുലിവാല് പിടിച്ചു

പഞ്ച് ഡയലോഗ് അടിച്ച് സുരേഷ് ഗോപി പുലിവാല് പിടിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി എംപി സിനിമാ സ്‌റ്റൈലില്‍ നടത്തിയ പ്രസംഗം പുലിവാലായി. ബിജെപി ഇതര സ്ഥാനാര്‍ഥികളെ 'മലിനം' എന്നു പറഞ്ഞാണ് സുരേഷ് ഗോപി ആക്ഷേപിച്ചത്. താന്‍ ദത്തെടുത്ത ശേഷം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു കൊണ്ടാണ് സുരേഷ് ഗോപി പ്രസംഗം തുടങ്ങിയത്. പിന്നീട് കേരളത്തിലെ ഇടത്, വലത് മുന്നണികള്‍ക്കെതിരെയും എംപി ആഞ്ഞടിച്ചു.

'ഈ കൈപ്പത്തിക്കും വഞ്ചകന്മാരുടെ ചിഹ്നവുമേന്തി നടക്കുന്നവര്‍ക്കൊന്നും സാധിച്ചില്ല കല്ലിയൂരില്‍ വികസനം കൊണ്ടു വരാന്‍. ഒരു താമര എംപി തന്നെ വേണ്ടി വന്നു. അരിവാളും കൊടുവാളും ഒക്കെ അടങ്ങുന്ന മറ്റ് പ്രതിപക്ഷ കക്ഷികള്‍ പ്രതിപക്ഷത്തിരുന്നാല്‍ കേരളത്തില്‍ അഴിമതി രഹിത വികസനം നടത്തിക്കൊടുക്കാന്‍ സാധിക്കും. ഇത് കേരളമാണ് എന്ന് പറഞ്ഞവന്മാരുടെ അവസ്ഥ ഇപ്പോള്‍ എന്താണെന്ന് അന്വേഷിച്ചു നോക്കണം. 2014 മുതല്‍ നിങ്ങളുടെ മുന്നില്‍ ഭിക്ഷ യാചിക്കുന്നതുപോലെ ഒരു മാറ്റത്തിനുവേണ്ടി ഞങ്ങള്‍ക്ക് ഒരു അവസരം തരൂ എന്ന് പറഞ്ഞ ഭാരതീയ ജനതാ പാര്‍ട്ടിയാണ് കേരളത്തില്‍ ഉള്ളത്. 2014 ല്‍ നരേന്ദ്രമോദി ഭരണത്തില്‍ വരില്ല എന്നു പറഞ്ഞ് ആദ്യം അവര്‍ നിങ്ങളെ വഞ്ചിച്ചു.

2015 ലെ തെരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാന്‍ ശ്രമിച്ചു. തിരിച്ച് ഒടിച്ചില്ല. പക്ഷേ ഒടിച്ചവന്മാരുടെയെല്ലാം നടു ഒടിഞ്ഞ് കിടക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടറിയേറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ജനങ്ങള്‍ക്കുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്.

നിങ്ങള്‍ ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണം. ഇടതും വരില്ല വലതും വരില്ല. രണ്ടും തുലയും. നിങ്ങള്‍ വിചാരിച്ചാല്‍ അടുത്ത അഞ്ചുവര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാകുക. സാധ്യമല്ല എന്നു പറയുന്ന കാലഘട്ടം മറന്നേക്കൂ.  എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല.

അത്രക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ഥികള്‍. അവരെ സ്ഥാനാര്‍ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഈ 31 പേരെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം' - ഇതായിരുന്നു  പ്രസംഗം. സുരേഷ് ഗോപിയുടെ അതിരു കടന്ന ഡയലോഗുകള്‍ക്കെതിരെ പ്രതിക്ഷേധം ശക്തമാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.