കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ കേസുകള്‍ അഭിഭാഷകന്‍ ജിയോ പോള്‍ ഒഴിഞ്ഞു. ഇന്നലെ രാവിലെ കസ്റ്റംസ് കേസില്‍ ഹാജരായ ശേഷമാണ് കേസുകള്‍ ഒഴിയുകയാണെന്ന് അറിയിച്ചത്. പ്രതി ഭാഗത്തിനുള്ള രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈമാറിയപ്പോള്‍ ജിയോ പോള്‍ സീകരിച്ചില്ല. ഇനി മുതല്‍ താനല്ല സ്വപ്നയുടെ അഭിഭാഷകനെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. പിന്നീട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്നയുടെ റിമാന്‍ഡ് കാലാവധി നീട്ടുന്ന കേസ് പരിഗണിച്ചപ്പോള്‍ താന്‍ വക്കാലത്ത് ഒഴിയുകയാണെന്ന് അഡ്വ. ജിയോ പോള്‍ കോടതിയെ അറിയിച്ചു. കേസിന്റെ രേഖകള്‍ സ്വപ്നയുടെ ഭര്‍ത്താവിന് കൈമാറുകയും ചെയ്തു.
സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് അഭിഭാഷനോട് ആദ്യം വിശദീകരിച്ച കാര്യങ്ങളല്ല പിന്നീട് അന്വേഷണ സംഘങ്ങളോട് വ്യക്തമാക്കിയത്. ശിവശങ്കറിന് കേസില്‍ പങ്കാളിത്തമില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്ന ശബ്ദ സന്ദേശം പുറത്തു വിടുന്നതും അഭിഭാഷകന്‍ അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കസ്റ്റംസ് കസ്റ്റഡിയില്‍ വച്ച് രഹസ്യമൊഴി കൊടുക്കാന്‍ തീരുമാനിച്ചത്. അഭിഭാഷകനോട് ആലോചിച്ചല്ല ഇക്കാര്യവും സ്വപ്ന തീരുമാനിച്ചത്. ഇതൊക്കെയാണ് അഡ്വ. ജിയോ പോള്‍ വക്കാലത്ത് ഒഴിയാന്‍ കാരണമെന്ന് അറിയുന്നു.
ഇതിനിടെ, സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തിക്കൊണ്ട് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. പ്രധാന പ്രതികളെ മാപ്പുസാക്ഷിയാക്കി കേസില്‍ വഴിത്തിരിവ് സൃഷ്ടിക്കാനാണ് നീക്കം. കേസില്‍ ഉള്‍പ്പെട്ട ഉന്നതര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ രഹസ്യമൊഴിയില്‍ സ്വപ്നയും സരിത്തും സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ഇതുവരെ പുറത്തു വന്നിട്ടില്ലാത്ത ചിലര്‍ പ്രതിസ്ഥാനത്ത് എത്തും. സ്വര്‍ണ്ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവര്‍ ഇതുവരെ പിടിയിലായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.