'അതിരുകവിഞ്ഞ മോഹം'; കേരളം പിടിക്കുമെന്ന മോഡിയുടെ പ്രഖ്യാപനത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും

'അതിരുകവിഞ്ഞ മോഹം'; കേരളം പിടിക്കുമെന്ന മോഡിയുടെ പ്രഖ്യാപനത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും

തിരുവനന്തപുരം: കേരളം പിടിക്കുമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിനെതിരെ ഇടത്- വലത് മുന്നണികള്‍. മോഡിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല.

ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്.

മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജയത്തിന് ശേഷം ഇനി കേരളം ലക്ഷ്യമാണെന്നുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയാണ് സജീവ രാഷ്ട്രീയ ചര്‍ച്ച.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ കണ്ട് കേരളത്തില്‍ പ്രതീക്ഷ വയ്ക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കിട്ടിയത് പോലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കേരളത്തില്‍ കിട്ടുമെന്ന് ബിജെപിക്ക് പ്രതീക്ഷ വേണ്ട. പ്രാദേശിക കൂട്ടുകെട്ടുകള്‍ക്ക് ബിജെപിയെ തകര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മും ബിജെപിയും ഗൂഢ സഖ്യമുണ്ടാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി  സതീശന്റെ ആരോപണം.

പകല്‍ സ്വപ്നം കാണാന്‍ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പരിഹാസം. നിയമ സഭയില്‍ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഎം പൂട്ടിച്ചു എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടേത് വെറും മലർപൊടിക്കാരൻറെ സ്വപ്നമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. 





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.