ഭരണ പങ്കാളിയാകാന്‍ രാഷ്ട്രീയ ചൂതാട്ടം; സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി ബിജെപി; മൂന്നിടങ്ങളിലും സത്യപ്രതിജ്ഞ അടുത്താഴ്ച്ച

ഭരണ പങ്കാളിയാകാന്‍ രാഷ്ട്രീയ ചൂതാട്ടം; സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി ബിജെപി; മൂന്നിടങ്ങളിലും സത്യപ്രതിജ്ഞ അടുത്താഴ്ച്ച

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിജയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി ബിജെപി. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 

ത്രിപുരയില്‍ ബിജെപിയും മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യവുമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഈ മാസം ഏഴിനാണ് മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങ്. ത്രിപുരയില്‍ എട്ടിനും സത്യപ്രതിജ്ഞ നടക്കും. 

ത്രിപുരയില്‍ ത്രികോണ മത്സരമാണ് അരങ്ങേറിയത്. ശക്തമായ മത്സരത്തിനൊടുവില്‍ 60ല്‍ 32 സീറ്റ് നേടിയാണ് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം സ്വന്തമാക്കിയത്. സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റില്‍ വിജയിച്ചു. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ബിജെപി പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിമയ്ക്കാണ് നറുക്ക് വീഴുന്നതെങ്കില്‍ ത്രിപുരയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അവര്‍ മാറും. 

പ്രാദേശിക ഗോത്രവര്‍ഗ പാര്‍ട്ടിയായ ത്രിപ മോതയെ കൂടെക്കൂട്ടാനുള്ള നീക്കവും ബിജെപിയുടെ ഭാഗത്തുണ്ട്. തിപ്ര മോതയുമായി സഹകരിക്കാന്‍ തയാറാണെന്ന് ഹിമന്ത് ബിശ്വ ശര്‍മയും മുന്‍ മുഖ്യമന്ത്രി മണിക് സാഹയും വ്യക്തമാക്കി. 2024 ലെ തിരഞ്ഞെടുപ്പിലടക്കം വോട്ട് വിഹിതം ഭിന്നിക്കപ്പെടാതിരിക്കാനാണ് പ്രതിപക്ഷ സ്ഥാനനത്ത് നിന്നും തിപ്ര മോതയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ചരടുവലി നടത്തുന്നത്. 

ത്രിപുരയില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചത് സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയാണെന്ന് ബിജെപി കരുതുന്നു. ഇത്തവണ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വോട്ട് ചെയ്തത്. ത്രിപുരയിലെ 13,99,289 സ്ത്രീ വോട്ടര്‍മാരില്‍ 89.17 ശതമാനവും വോട്ട് ചെയ്തപ്പോള്‍ 14,15,233 പുരുഷന്മാരില്‍ 86.12 ശതമാനമാണ് വോട്ട് ചെയ്തത്.

മേഘാലയയില്‍ തെരഞ്ഞെടുപ്പിന് ശേഷം എന്‍പിപി ബിജെപി സഖ്യം വീണ്ടും ഒന്നിച്ചാണ് ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങുന്നത്. 

എന്‍പിപി 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 59 സീറ്റിലും ഒറ്റയ്ക്കു മത്സരിച്ച ബിജെപിക്ക് കിട്ടിയത് വെറും രണ്ട് സീറ്റാണ്. രണ്ട് സ്വതന്ത്രരെ കൂടെക്കൂടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുത്തത് ബിജെപിയാണ്.   

നാഗാലാന്‍ഡില്‍ 60 അംഗ സഭയില്‍ എന്‍ഡിപിപി ബിജെപി സഖ്യം 37 സീറ്റില്‍ വിജയിച്ചാണു ഭരണത്തുടര്‍ച്ച നേടിയത്. എന്‍ഡിപിപി 25 സീറ്റും ബിജെപി 12 സീറ്റും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.