ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ തടവില്‍നിന്നു രക്ഷപ്പെട്ട കത്തോലിക്കാ പുരോഹിതന്‍ സിറിയയില്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ തടവില്‍നിന്നു രക്ഷപ്പെട്ട കത്തോലിക്കാ പുരോഹിതന്‍ സിറിയയില്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു

ദമാസ്‌കസ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി അഞ്ച് മാസം തടവില്‍ പാര്‍പ്പിച്ച സിറിയന്‍ കത്തോലിക്കാ പുരോഹിതന്‍ ജാക്വസ് മൗറാദ് സിറിയയിലെ ഹോംസിന്റെ പുതിയ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു.

കഴിഞ്ഞ ദിവസം നടന്ന മെത്രാഭിഷേകച്ചടങ്ങില്‍ നിരവധി വൈദികരും ബിഷപ്പുമാരും മേഖലയിലെ വിവിധ കത്തോലിക്കാ, സിറയന്‍ ഓര്‍ത്തഡോക്സ് സഭകളിലെ പാത്രിയര്‍ക്കീസുമാരും ചടങ്ങില്‍ പങ്കെടുത്തു.

സിറിയന്‍ കാത്തലിക് പാത്രിയാര്‍ക്കീസ് ഇഗ്‌നേഷ്യസ് യൂസെഫ് യൂനാന്‍ മൂന്നാമന്‍ വിശുദ്ധ കുര്‍ബാന നയിച്ചു. സിറിയയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ കര്‍ദിനാള്‍ മാരിയോ സെനാരി, മെല്‍കൈറ്റ് ഗ്രീക്ക് കത്തോലിക്കാ പാത്രിയാര്‍ക്കീസ് യൂസഫ് അബ്‌സി, യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ, ബിഷപ്പുമാര്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ പങ്കെടുത്തു.

അന്ത്യോഖ്യയിലെ സിറിയന്‍ പാത്രിയാര്‍ക്കേറ്റിന്റെ പ്രൊക്യുറേറ്ററായ ബിഷപ്പ് ഫ്‌ളേവിയന്‍ റാമി അല്‍-കബാലന്‍ പുതിയ ആര്‍ച്ച് ബിഷപ്പിന് ആശംസകള്‍ നേര്‍ന്നു. ലെബനന്‍, ഇറാഖ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സിറിയയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കുപടിഞ്ഞാറന്‍ സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പത്തെതുടര്‍ന്ന് ഫാ. മൗറാദിന്റെ ജന്മനാടായ അലപ്പോയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ബിഷപ്പ് അല്‍-കബാലന്‍ പറഞ്ഞു.

2015 മെയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഫാ. ജാക്വസ് മൗറാദിനെ സിറിയയിലെ മാര്‍ ഏലിയന്‍ ആശ്രമത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയത്. ആശ്രമം തകര്‍ത്ത ശേഷം ഭീകരര്‍ ഫാ. മൗറാദിനെ ബന്ധിയാക്കി തങ്ങളുടെ ശക്തികേന്ദ്രമായ റാഖയിലേക്ക് കൊണ്ടുപോയി. 84 ദിവസം പീഡനങ്ങള്‍ ഏറ്റ് തടവറയില്‍ കഴിഞ്ഞ പുരോഹിതന്‍ അവിടെ നിന്നും ഒരു മുസ്ലിം ചെറുപ്പക്കാരന്റെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതിനു മുമ്പ്, വര്‍ഷങ്ങളോളം സിറിയയിലെ മാര്‍ മൂസ ആശ്രമത്തിലെ സന്യാസിയായിരുന്ന ആര്‍ച്ചുബിഷപ്പ് മൗറാദ്, ക്രിസ്ത്യന്‍-മുസ്ലിം സമാധാന സംഭാഷണത്തിന്റെ വക്താവ് എന്ന നിലയില്‍ പ്രശസ്തനാണ്. സുറിയാനി, ഇംഗ്ലീഷ്, ഇറ്റാലിയന്‍ അറബി, ഫ്രഞ്ച് ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.

ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ തന്റെ മുന്‍ഗണന, വൈദികരുടെ ദൈവശാസ്ത്രപരവും ബൈബിള്‍പരവുമായ വിദ്യാഭ്യാസവും ദാരിദ്ര്യത്തിന്റെ ഈ വേളയില്‍ പട്ടിണിയില്ലാതെ ജീവിക്കാന്‍ കുടുംബങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.