തൃശൂർ ജില്ലയിൽ ക്രൈസ്തവ സനാതന മൂല്യങ്ങളെ അവഹേളിച്ചു കൊണ്ട് രണ്ട് സംഭവങ്ങളാണ് ഈ അടുത്ത കാലത്ത് അരങ്ങേറിയത്. ഫ്രാൻസിസ് നൊറോണയുടെ "കക്കുകളി" എന്ന നാടകം ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ സർഗ്ഗോത്സവത്തിലും, തൃശ്ശൂരിൽ കേരള സംഗീതനാടക അക്കാദമിയുടെ പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്കിന്റെ വേദിയിലും നിറഞ്ഞാടി.
മതമൂല്യ നിരാസങ്ങൾ ശൈലിയാക്കിയ പ്രത്യയശാസ്ത്രങ്ങളുടെനേതാക്കൾ സർക്കാർ സംവിധാനങ്ങളിലൂടെ പരസ്യമായി ഇത്തരം നാടകങ്ങളിലൂടെയുള്ള അവഹേളനങ്ങൾക്ക് കൂട്ട് നിൽക്കുന്നു. ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെയും അവഹേളിച്ചു സംസാരിക്കുകയും പൗരോഹിത്യ – സന്യസ്ത ജീവിതങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കോ,പ്രസ്ഥാനങ്ങള്‍ക്കോ, നവ മാധ്യമങ്ങള്‍ക്കോ, നാടകങ്ങൾക്കോ സിനിമകള്‍ക്കോ യൂട്യൂബുകൾക്കോ എതിരെ എന്ത് കൊണ്ട് സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല?
ക്രൈസ്തവസഭയെയും ക്രിസ്തീയ മൂല്യങ്ങളെയും,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടി വാങ്ങിക്കൊടുക്കുന്നതായി മലയാള സാംസ്‌കാരികരംഗം മാറിയിരിക്കുന്നു എന്ന് പറയുന്നതിൽ ഏറെ ഖേദമുണ്ട്.അവഹേളനങ്ങളും പരിഹാസങ്ങളും പീഡനങ്ങളുടെ ലിസ്റ്റിൽ കാണാൻ സർക്കാർ തയ്യാറാകണം.
ശക്തമായ നിയമ സംവിധാനങ്ങളുടെ അഭാവം ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്കും അവഹേളനങ്ങൾക്കും കാരണമാകുന്നുണ്ട്.ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് കേരളത്തിലും ഭാരതത്തിലും ക്രൈസ്തവർക്ക് നേരെയുള്ള നിലപാടിന്റെ അപകടകരമായ സൂചനയായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്.സർക്കാരുകളുടെ മൗനവും,പോലീസിന്റെ മെല്ലെപ്പോക്കും പലപ്പോഴും കുറ്റവാളികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു.
ക്രൈസ്തവവിശ്വാസത്തെയും ക്രിസ്തീയ മൂല്യങ്ങളെയും അപഹസിക്കുമ്പോൾ അത്തരക്കാർക്കെതിരേ ചെറുവിരലനക്കാത്ത നിയമസംവിധാനങ്ങൾ ആർക്കു വേണ്ടിയാണ്? സൈബർ ഇടങ്ങളിലൂടെയുള്ള ആക്രമണങ്ങൾക്കുള്ള ശിക്ഷകൾ പലപ്പോഴും അപര്യാപ്‌തമാണ്.
ഇത്തരം പ്രവൃത്തികളോട് സമൂഹം പ്രതികരിച്ചില്ലെങ്കിൽ, ഇന്ത്യയുടെ മതേതര ഘടന നഷ്‌ടപ്പെടും.ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കും, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്യുന്ന എല്ലാവരേയും ഉൾക്കൊള്ളുന്നതും ജനാധിപത്യപരവും ബഹുസ്വരവുമായ ഇന്ത്യ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടും. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ അരങ്ങേറുമ്പോൾ ക്രൈസ്തവർക്ക് “നിശബ്ദ കാഴ്ചക്കാരായി” തുടരാനാവില്ല.എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഇത്തരം ക്രൈസ്തവ മൂല്യ നിരാസങ്ങൾക്കെതിരെ രംഗത്ത് വരണം.
മനഃപൂർവം ക്രൈസ്തവർക്കെതിരെ പൊതു വികാരം സൃഷ്ടിക്കുന്നതിൽ ചില തീവ്രവാദ സംഘടനകളും കൂട്ടായ്‍മകളും നടത്തുന്ന ശ്രമങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിച്ചറിയണം.രാജ്യത്ത് ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങളും അവഹേളനങ്ങളും വർദ്ധിക്കുന്നത് മതേതര ജനാധിപത്യസംവിധാനത്തിന് ഭീഷണിയാണെന്ന തിരിച്ചറിവ് സർക്കാരുകൾക്കുണ്ടാകട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.