തൃശൂര്‍: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും അവഹേളിക്കുന്ന കക്കുകളി എന്ന നാടകാവതരണത്തില്‍ വ്യാപക പ്രതിഷേധം. ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സര്‍ഗോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകത്തിനെതിരെയാണ് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നത്.
ഗൂരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ചാണ് നഗരസഭ ഇത്തരത്തില്‍ ഒരു സര്‍ഗോത്സവം നടത്തുന്നത്. ഭൂരിപക്ഷ മതവിഭാഗത്തിന് മുന്നില്‍ ക്രൈസ്തവ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നത് മാത്രമാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നതെന്ന ആരോപണം ശക്തമാണ്.
ഫ്രാന്‍സിസ് നൊറോണയുടെ കഥയുടെ സ്വതന്ത്രാവിഷ്‌കാരമായ 'കക്കുകളി' എന്ന ഈ നാടകം ആലപ്പുഴയില്‍ നിന്നുളള ഒരു സാംസ്‌കാരിക സമതിയുടേതാണ്. സഭാ സംവിധാനങ്ങളെ അങ്ങേയറ്റം കളിയാക്കുന്ന, നുണ പറഞ്ഞു പരത്തുന്ന ഈ നാടകം തികച്ചും പ്രതിഷേധാര്‍ഹമാണന്ന് കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു.
മറ്റ് മത വിഭാഗത്തിനു മുന്നില്‍ ക്രൈസ്തവ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നതു മാത്രം ലക്ഷ്യം വച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇത്തരം തോന്ന്യാസങ്ങള്‍ക്ക് ഒരു നഗരസഭ നേതൃത്വം നല്‍കുന്ന സാംസ്‌കാരിക മേളയില്‍ ഇടം കിട്ടി എന്നത് സംശയകരമാണ്.
ഈ നാടകം അബുദാബിയില്‍ ഒരു മത്സരത്തില്‍ അവതരിപ്പിച്ചപ്പോള്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് നാടകത്തെ വിധി നിര്‍ണയത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
അന്ന് നാടകത്തിന്റെ അഭിനേതാക്കളുടെയും പിന്നണി പ്രവര്‍ത്തകരുടെയും ജയില്‍ വാസം ഒഴിവാക്കിയത് അവരുടെ കുടുംബങ്ങളോടുള്ള തങ്ങളുടെ കരുതല്‍ മാത്രമാണ്, അല്ലാതെ ബലഹീനത കൊണ്ടല്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
ക്രൈസ്തവ വിരുദ്ധതയാണ് ഇതിന് കൂട്ടുനില്‍ക്കുന്നവരുടെ പ്രചോദനം എന്ന് വ്യക്തം. സമൂഹത്തില്‍ പുറന്തള്ളപ്പെടുന്ന അനാഥരെയും ഭിന്നശേഷിക്കാരെയും രോഗികളെയും സ്വന്തമെന്നപോലെ സ്‌നേഹിച്ച് ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളെ അംഗീകരിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കാന്‍ നിങ്ങള്‍ ഇനിയും ശ്രമിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി ഈ നാടകാവതരണം തുടരുന്നത് ഒരു മത വിശ്വാസത്തെയും സംവിധാനങ്ങളെയും ആക്ഷേപിക്കാനുമുള്ള ശ്രമമായി മാത്രമേ കാണാനാകൂവെന്നും ക്രൈസ്തവ സമുദായത്തോടുള്ള വെല്ലുവിളിയാണിതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത സമിതി കുറ്റപ്പെടുത്തി.
'കക്കുകളി' പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രദര്‍ശന വേദിയില്‍ പ്രതിഷേധവുമായി കെ.സി.വൈ.എം തൃശൂര്‍ അതിരൂപത സമിതിയും രംഗത്തെത്തി. സമൂഹത്തിന് ഇത്രത്തോളം സംഭാവനകള്‍ നല്‍കിയ, ജാതിമത ഭേദമന്യേ എല്ലാവരെയും തുല്യരായി കണ്ട് വിദ്യാഭ്യാസവും ആതുര സേവനവും നടത്തുന്ന ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന നാടകം നിരോധിക്കണമെന്ന് കെ.സി.വൈ.എം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.