വാഷിങ്ടണ്‍: 2046 ല്‍ വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള ഛിന്ന ഗ്രഹത്തെപ്പറ്റി സൂചന നല്‍കി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ. ഒരു ഒളിമ്പിക് സ്വിമ്മിംഗ് പൂളിനോളം വലിപ്പമുള്ള ഛിന്ന ഗ്രഹത്തിന് '2023 ഡി.ഡബ്ല്യു' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ടൊറീനോ സ്‌കെയില്‍ പ്രകാരം 625 ല്‍ ഒന്ന് മാത്രമാണ് ഛിന്നഗ്രഹ പതനത്തിന് കല്പിക്കുന്ന സാധ്യതയെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കി.
ബഹിരാകാശ വസ്തുക്കള്‍ ഭൂമിയെ ബാധിക്കാനുള്ള സാധ്യത നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് ടൊറീനോ സ്‌കെയില്‍. ഇപ്രകാരം '2023 ഡി.ഡബ്ല്യു' ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് കാര്യമായ ആശങ്കയ്ക്ക് കാരണമല്ലെന്ന് സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസ് പറയുന്നു.
ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത കുറവാണെന്നും ഭൂമിയ്ക്കരികിലൂടെ ഭീഷണിയില്ലാതെ കടന്നുപോകാനാണ് സാധ്യതയെന്നും നാസയും പറയുന്നു. എന്നാല്‍, '2023 ഡി.ഡബ്ല്യു'വിന്റെ ഭീഷണിയില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല.
ഇതിനായി കൂടുതല്‍ നിരീക്ഷണങ്ങള്‍ വേണം. 50 മീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹത്തെ ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കാനിടയുള്ള ആകാശ വസ്തുക്കളുടെ പട്ടികയില്‍പ്പെടുത്തി നാസ നിരീക്ഷിച്ചു വരികയാണ്.
അതേ സമയം ഭാവിയില്‍ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമിയ്ക്ക് നേരെ വന്നാല്‍ അതിനെ വഴിതിരിച്ചു വിടാനുള്ള വിദ്യ ശാസ്ത്രലോകം കഴിഞ്ഞ വര്‍ഷം വിജയകരമായി പരീക്ഷിച്ചിരുന്നു. ' കൈനറ്റിക് ഇംപാക്ടര്‍ ' സാങ്കേതിക വിദ്യയിലൂടെ ഭൂമിക്ക് നേരെ വന്നേക്കാവുന്ന ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം വ്യതിചലിപ്പിക്കാമെന്ന് നാസ വിക്ഷേപിച്ച ' ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് ' അഥവാ ' ഡാര്‍ട്ട് ' പേടകം തെളിയിച്ചു.
സെപ്തംബറില്‍ ഭൂമിയില്‍ നിന്ന് 110 ലക്ഷം കലോമീറ്റര്‍ അകലെ ' ഡിഡിമോസ് ' എന്ന ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന 'ഡൈമോര്‍ഫസ്' (ഡിഡിമൂണ്‍) എന്ന ഛിന്ന ഗ്രഹത്തിലേക്ക് പേടകം ഇടിച്ചിറങ്ങി.
ഇടിയുടെ ഫലമായി ഡൈമോര്‍ഫസിന്റെ സഞ്ചാര പാതയില്‍ നേരിയ വ്യതിയാനമുണ്ടായി. 11 മണിക്കൂര്‍ 55 മിനിറ്റായിരുന്നു ഡിഡിമോസിന് ചുറ്റുമുള്ള ഡൈമോര്‍ഫസിന്റെ ഭ്രമണ സമയം. ഇടിക്ക് പിന്നാലെ ഇത് ഏകദേശം 11 മണിക്കൂര്‍ 23 മിനിറ്റായെന്ന് കണ്ടെത്തി.
ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്താന്‍ സാധ്യതയുള്ള ധൂമ കേതുക്കളെയും ഛിന്നഗ്രഹങ്ങളെയും നിയര്‍ എര്‍ത്ത് ഒബ്ജക്ട് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. '2023 ഡി.ഡബ്ല്യു'വും ഈ വിഭാഗത്തില്‍പ്പെടുന്നു. ഭൂമിയില്‍ നിന്ന് 30 ദശലക്ഷം മൈല്‍ വരെ അകലെയുള്ള ഭ്രമണ പഥങ്ങളില്‍ ഇവ കാണപ്പെടുന്നു.
ഭൂമിയില്‍ പതിച്ചാല്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയേക്കാമെന്ന് കരുതുന്ന കുറഞ്ഞത് 460 അടി വ്യാസമുള്ള 40 ശതമാനം നിയര്‍ എര്‍ത്ത് ഒബ്ജക്ടുകളെയാണ് നാസ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള 27,000 നിയര്‍ എര്‍ത്ത് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം ഒരു കിലോമീറ്റര്‍ വ്യാസമെങ്കിലുമുള്ള ഛിന്നഗ്രഹത്തിനേ ഭൂമിയില്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാനാകൂ എന്നാണ് കരുതുന്നത്. പര്‍വതത്തോളം വലിപ്പമുള്ള 90 ശതമാനം നിയര്‍ എര്‍ത്ത് ഒബ്ജക്ടുകളെ നാസ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഭൂമിയ്ക്ക് ഭീഷണിയല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.