കക്കുകളി നാടകത്തിനെതിരെ തൃശൂര്‍ അതിരൂപതയുടെ കളക്ടറേറ്റ് മാര്‍ച്ച്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മാനന്തവാടി രൂപത

 കക്കുകളി നാടകത്തിനെതിരെ തൃശൂര്‍ അതിരൂപതയുടെ കളക്ടറേറ്റ് മാര്‍ച്ച്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മാനന്തവാടി രൂപത

തൃശൂര്‍: ക്രൈസ്തവ വിശ്വാസ മൂല്യങ്ങളെയും സന്യാസത്തെയും വികലമായി ചിത്രീകരിക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ വൈദികരെയും കന്യാസ്ത്രീകളെയും അണിനിരത്തി തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.

കന്യാസ്ത്രീകളെ മോശമായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുളള ശ്രമം വിലപ്പോവില്ലെന്ന് അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലംകാവില്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം എന്നത് തോന്നും പോലെ ചെയ്യുവാനുള്ളതാണോ എന്നും അങ്ങനെ ചെയ്താല്‍ തങ്ങള്‍ നോക്കിയിരിക്കില്ലെന്നും മാര്‍ ടോണി നീലംകാവില്‍ മുന്നറിയിപ്പ് നല്‍കി.

കക്കുകളി നാടകത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി മുന്നോട്ട് പോകാനാണ് കത്തോലിക്കാ സഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് തൃശൂര്‍ അതിരൂപത പ്രത്യക്ഷ സമരത്തിനിറങ്ങിയത്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊപ്പം നിരവധി വിശ്വാസികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നാടകം പിന്‍വലിക്കണമെന്നാണ് കത്തോലിക്കാ സഭയുടെ ആവശ്യം. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമൊയെന്ന് ചിന്തിക്കണമെന്ന് കഴിഞ്ഞ ദിവസം പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും അധിക്ഷേപിക്കുന്ന പ്രവണതകള്‍ വര്‍ധിച്ചു വരികയാണെന്നും ഇത്തരം സംഘടിത നീക്കങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടവര്‍ മൗനം പാലിക്കുന്നത് അപലപനീയമാണെന്നും മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സന്യാസത്തെ അധിക്ഷേപിക്കുന്ന കക്കുകളി എന്ന നാടകം ക്രൈസ്തവ സമുദായത്തിന്റെ പ്രതിഷേധങ്ങള്‍ പോലും മറികടന്നുകൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന നീക്കം അപകടകരമാണ്. ഒരു മതന്യൂനപക്ഷമായ ക്രൈസ്തവ സമുദായത്തിന് അഭിമാനബോധത്തോടെ നിലകൊള്ളാനുള്ള അവകാശത്തെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിക്കുന്നത്.

ക്രൈസ്തവ സന്യാസികളുടെ വസ്ത്രങ്ങള്‍ മോശമായ രീതിയില്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രോഗ്രാമുകളും മറ്റും ധാരാളമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മതവിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന എല്ലാ നടപടികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ അകലം പാലിക്കേണ്ടതുണ്ടെന്ന് അവരെ ഓര്‍മ്മപ്പെടുത്തേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.

എല്ലാത്തരം അവഹേളനങ്ങളോടും നിശബ്ദമായി പ്രതികരിക്കുന്ന ക്രൈസ്തവ സമുദായത്തെ ഏതുവിധേനയും അധിക്ഷേപിക്കാമെന്ന ധാരണ പലര്‍ക്കുമുണ്ടെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വിലയിരുത്തി. ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ബിഷപ് ജോസ് പൊരുന്നേടം, ബിഷപ് അലക്‌സ് താരാമംഗലം, മോണ്‍. പോള്‍ മുണ്ടോളിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സജി പുഞ്ചയില്‍ എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.