കോതമംഗലം: ആത്മീയചിന്തകനും എഴുത്തുകാരനുമായ മഹാപ്രതിഭയാണ് ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ സാധു ഇട്ടിയവിര എന്ന ദൈവസ്നേഹത്തിന്റെ തീർത്ഥാടകൻ.കഴിഞ്ഞ മാർച്ച് 18 ന് 100 വയസ്സ് തികഞ്ഞ അവസരത്തിൽ സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ അദ്ദേഹത്തെ ആദരിച്ചിരുന്നു.
ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിരയുടേത്.കോതമംഗലം കുറ്റിലഞ്ഞിക്കടുത്ത് ഇടുപ്പക്കുന്നിലെ ജൈവസമ്പന്നതയുടെ നടുവിൽ ഒരു പൂങ്കാവനം പോലെയുള്ള വിശാലതയിലാണ് പ്രകൃതിബന്ധുവായി സഞ്ചരിച്ച സുവിശേഷക്കാരനായ സാത്വികൻ ഉല്ലാസവാനായി ജീവിച്ചത്.
പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.ഇ.എസ്.എല്‍.സി പാസായപ്പോള്‍ പഠനം മതിയാക്കി എറണാകുളത്ത് തടി ഡിപ്പോ മാനേജരായി.പട്ടാളത്തില്‍ ക്ലാര്‍ക്കായി 1942- ല്‍ തുടങ്ങിയ സേവനം അഞ്ചുകൊല്ലം തുടര്‍ന്നു. രണ്ടാംലോകമഹായുദ്ധ കാലത്ത് മലയയില്‍ എത്തിയെങ്കിലും യുദ്ധം അവസാനിച്ചതിനാല്‍ പങ്കെടുക്കേണ്ടി വന്നില്ല. തുടര്‍ന്ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി പഠനം. ഈശോ സഭയില്‍ ചേരുന്നത് 1950 ലാണ്. മൂന്ന് കോളേജുകളില്‍ നിരവധി വിദേശികളായ സഹപാഠികള്‍ക്കൊപ്പം പഠിച്ചു. വൈദികനാകാതെ തിരിച്ചുപോരാനായിരുന്നു ഉള്‍വിളി.
പിന്നീട് ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന സന്ദേശം എഴുതിയ വസ്ത്രം ധരിച്ച് ഏകാന്തപഥികനായി ദിക്കായ ദിക്കെല്ലാം യാത്രചെയ്തു.കണക്കുക്കൂട്ടിയാൽ ഇന്‍ഡ്യയിലും ലോകമെങ്ങും ആയി ഭൂമിയ്ക്ക് ചുറ്റും രണ്ടുവട്ടമെത്താല്‍ മാത്രം സഞ്ചരിച്ചിട്ടുണ്ടാവണം.
മനുഷ്യസ്‌നേഹത്തിനുള്ള ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ അന്താരാഷ്ട്ര അവാര്‍ഡ് ലഭിക്കുന്നത് 1981 ലാണ്.അതിനും അഞ്ചുവര്‍ഷം മുന്‍പ് അവാര്‍ഡ് ലഭിച്ചത് മദര്‍തെരേസയ്ക്കായിരുന്നു.
തന്റെ 120 ഓളം പുസ്തകങ്ങൾ ലോകത്തിലെ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിയ്ക്കാൻ ഭാഗ്യം ലഭിക്കുകയും,പതിനായിരക്കണക്കിന് ലേഖനങ്ങൾ പല യുറോപ്യൻ ജേണലുകളിലടക്കം എഴുതുകയും വിദേശ സർവ്വകലാശാലകളിലടക്കം പ്രഭാഷകന്റെ റോളിലും വിളങ്ങിയിട്ടുണ്ട് ഈ സ്വാതികൻ.
യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് യാതൊരു മറിമായവും കൂടാതെ ആത്മാവിന്റെ നിർമ്മലതയിൽ പ്രതിഫലിപ്പിക്കുന്ന കാര്യത്തിൽ ഒന്നാമനായി നിന്ന ഭാരതീയൻ.ക്രിസ്തീയ തീക്ഷണതയോടെ മായം ചേർക്കാതെ സുവിശേഷം പ്രസംഗിക്കുകയും, പ്രസംഗിച്ചതു ജീവിതത്തിൽ യാഥാർത്ഥ്യമാക്കി കാണിച്ചുതരികയും, തർക്കവിതർക്കങ്ങളിൽ നിന്നും സഭാ വ്യത്യാസങ്ങളിൽ നിന്നും മന:പൂർവ്വം മാറിനിന്ന് ഇതര മതങ്ങളെ വിമർശിക്കാതെ,സഹനങ്ങളിൽ നിന്ന് ഒളിച്ചോട്ടത്തിന് മുതിരാതെ, പീഡകളെ സന്തോഷത്തോടെ സ്വീകരിച്ച് പ്രാർത്ഥിച്ച സാധു ഇട്ടിയവിര ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിൽ മറയ്ക്കപ്പെടാനാവാത്തൊരു മഹാമേരുവായി നിലകൊള്ളുകയാണ്.കത്തോലിക്കാ സഭയ്‌ക്ക് മുഴുവൻ നികത്താനാകാത്ത നഷ്ടം തന്നെയാണ് ശ്രേഷ്ഠനായ സാധുവിന്റെ നിര്യാണം.
മനുഷ്യർക്കിടയിൽ വേണ്ട നന്മയിൽ അധിഷ്ഠിതമായ പരസ്പരബന്ധത്തെക്കുറിച്ച് സ്നേഹഭാഷണം നടത്തിയ ഈ ആത്മീയോപാസകൻ വാർദ്ധക്യസഹജമായ മറവിയുടെ പടിവാതിൽക്കൽ നിന്നുകൊണ്ട് പുതിയ തലമുറയ്ക്ക് വേണ്ടി പൊഴിച്ച ആ നിഷ്ക്കളങ്കമായ,ദൈവികമായ ചിരി ഒരിക്കലും മറക്കാനാകുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.