തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തെ പറ്റിയുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷിക്കുന്നു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. എന്നാല്‍ പോളിസിയില്‍ ചേര്‍ത്തിരിക്കുന്നത് ബാലഭാസ്‌കറിന്റെ മുന്‍ മാനേജറും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പരും ഇമെയിലുമാണ്. ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് തുകയായ 93 ലക്ഷം രൂപ എല്‍ഐസി ആര്‍ക്കും കൈമാറിയിട്ടില്ല.
വിഷയത്തില്‍ എല്‍ഐസി മാനേജര്‍, ഇന്‍ഷുറന്‍സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എന്നിവരെയും ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയും സിബിഐ ചോദ്യം ചെയ്തു. ബാലഭാസ്‌ക്കര്‍ നേരിട്ടെത്തിയാണ് രേഖകള്‍ ഒപ്പിട്ടതെന്നും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍ എന്ന നിലയില്‍ ബാലഭാസ്‌ക്കറാണ് വിഷണുവിന്റെ ഫോണ്‍ നമ്പറും ഇ മെയില്‍ അഡ്രസും നല്‍കിയതെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി.
അതേ സമയം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴിയും രേഖപ്പെടുത്തി. വാഹനമോടിച്ചത് ആരാണെന്ന് സംശയമുയര്‍ന്നത് അജിയുടെ മൊഴിയോടെയാണ്. പച്ച ഷര്‍ട്ട് ധരിച്ചയാളാണ് ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്നതെന്നാണ് അജിയുടെ മൊഴി. അപകടം നടക്കുമ്പോള്‍ പച്ച് ഷര്‍ട്ട് ധരിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.