മേഖല തിരിച്ചുള്ള ബഫര്‍ സോണിന് അനുമതി നല്‍കിയേക്കും; കേരളത്തിന് പ്രതീക്ഷ നല്‍കി സുപ്രീം കോടതി

മേഖല തിരിച്ചുള്ള ബഫര്‍ സോണിന് അനുമതി നല്‍കിയേക്കും; കേരളത്തിന് പ്രതീക്ഷ നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിന് പ്രതീക്ഷ നല്‍കി സുപ്രീം കോടതി. ബഫര്‍സോണ്‍ വിധി ഭേദഗതി ചെയ്താല്‍ ആശങ്കകള്‍ക്ക് പരിഹാരമാകില്ലേയെന്ന് വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചു. ഇതോടെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി.

ഓരോ മേഖലകളുടെയും പ്രത്യേകത കണക്കിലെടുത്ത് ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കിയത്. ഭേദഗതി ചെയ്താലും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്നാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് ബി.ആര്‍ ഗവായ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിധിയില്‍ ഭേദഗതിയും ഇളവുകളും തേടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷകള്‍ ഉത്തരവിനായി കോടതി മാറ്റി.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളം കോടതിയില്‍ അറിയിച്ചിരുന്നു. അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവുമിറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫര്‍ സോണ്‍ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേരളത്തിന്റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിനു ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും കേരളം കോടതിയെ അറിയിച്ചു.

സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ വേണ്ട എന്ന നിലപാട് കേരളം സുപ്രീം കോടതിയില്‍ ഉന്നയിച്ചില്ല. എന്നാല്‍ ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേരളം വാദിച്ചു. വനത്തിലുള്ളില്‍ താമസിക്കുന്ന ആദിവാസികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

അതേസമയം പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പുനരധിവസിപ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സ്‌കീം മഹാരാഷ്ട്ര അടക്കം പല സംസ്ഥാനങ്ങളിലും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ പ്രായപൂര്‍ത്തിയായ അഞ്ചോളം പേരുള്ള കുടുംബങ്ങള്‍ക്ക് ഒരു കോടിയോളം രൂപ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി.ആര്‍ ഗവായ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഭൂപരിഷകരണ നിയമം നടപ്പാക്കിയിട്ടുള്ള കേരളത്തില്‍ സ്ഥല പരിമിതി കാരണം പുനരധിവാസം പ്രയോഗികമെല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ജാമുവാരാംഗാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി 2022 ജൂണ്‍ മൂന്നിന് പുറപ്പടിവിച്ചത്. ഈ കേസ് പരിഗണിച്ചിരുന്ന കാലത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ജാമുവാരാംഗാര്‍ വന്യജീവി സങ്കേതവുമായി മാത്രം ബന്ധപ്പെട്ട വിഷയം എന്ന് കരുതിയാണ് കേരളം ഹാജരാകാതിരുന്നതെന്ന് ജയ്ദീപ് ഗുപ്ത വ്യക്തമാക്കി.

ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം പറ്റില്ലെന്ന് സുപ്രീം കോടതി ഇന്നലെ വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബഫര്‍സോണില്‍ പുതിയ നിര്‍മാണം വിലക്കുന്ന പരാമര്‍ശം കഴിഞ്ഞ ജൂണില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആര്‍ ഗവായ് ഉള്‍പ്പെട്ട ബെഞ്ചിന്റെ പ്രതികരണം.

നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്ന് അമിക്കസ്‌ക്യൂറി വ്യക്തമാക്കിയിരുന്നു. സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. തുടര്‍ന്നാണ് സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സുപ്രീം കോടതി നിരീക്ഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.