സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ കയറ്റുമതിക്കൊരുങ്ങി 75 ഇനം ബംഗാളി മാമ്പഴങ്ങള്‍

 സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ കയറ്റുമതിക്കൊരുങ്ങി 75 ഇനം ബംഗാളി മാമ്പഴങ്ങള്‍

മാള്‍ഡ: മാമ്പഴ കയറ്റുമതിയിലൂടെ സ്വയം അടയാളപ്പെടുത്താനൊരുങ്ങി പശ്ചിമ ബംഗാള്‍ ജില്ലകളായ മാള്‍ഡയും മുര്‍ഷിദാബാദും. ഈ രണ്ട് ജില്ലകളിലും ഉല്‍പാദിപ്പിക്കുന്ന 75 ഇനം മാമ്പഴങ്ങളാണ് കയറ്റി അയക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തെ അനുസ്മരിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് 75 ഇനങ്ങള്‍ കയറ്റി അയക്കാന്‍ തീരുമാനിച്ചത്.

കയറ്റുമതി വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുമായി കൈകോര്‍ത്താണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹോര്‍ട്ടി കള്‍ച്ചര്‍, ഭക്ഷ്യ സംസ്‌കരണ വകുപ്പുകളുടെ പ്രവര്‍ത്തനം. ബംഗാളിലെ പ്രധാന മാമ്പഴ ഉല്‍പാദന കേന്ദ്രങ്ങളാണ് മാള്‍ഡയും മുര്‍ഷിദാബാദും. കൂടാതെ നാദിയ ഉള്‍പ്പടെയുള്ള തെക്കന്‍ ജില്ലകളിലും മാമ്പഴം കൃഷി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം മാള്‍ഡ, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 34 ഇനം മാമ്പഴങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി വഴി മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കയറ്റി അയച്ചത്. ഈ ബംഗാളി മാമ്പഴങ്ങളുടെ രുചിയും മണവും ഗുണവുമെല്ലാം വിദേശ രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇത്തവണ കൂടുതല്‍ ഇനം മാമ്പഴങ്ങള്‍ കയറ്റി അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

മാള്‍ഡ ജില്ലയില്‍ ഉല്‍പാദിപ്പിച്ച നിരവധി ഇനം മാമ്പഴങ്ങള്‍ കയറ്റുമതിക്കായി ഇതിനകം തിരഞ്ഞെടുത്തുകഴിഞ്ഞു. ഫാസിലി, ഹിംസാഗര്‍, ലക്ഷ്മണഭോഗ് എന്നീ ഇനങ്ങള്‍ക്ക് ഇതിനോടകം ജിഐ ടാഗും ലഭിച്ചിട്ടുണ്ട്. ഗോപാല്‍ഭോഗ്, രഖല്‍ഭോഗ്, കിഷന്‍ഭോഗ്, അമൃത്ഭോഗ്, ദില്‍കുഷ്, ലാന്‍ഗ്ര, അല്‍താപെട്ടി, ബൃന്ദാബ്നി, അശ്വിന, അമ്രപാലി, മല്ലിക, ബൃന്ദാബ്നി അശ്വിന, തോതാപുരി, മധുചുഷ്‌കി, മോഹന്‍ താക്കൂര്‍, റാണിപ്സന്ദ്, ഗോലിയ, ദല്‍ഹങ്ക, മോഹന്‍ഭോഗ് തുടങ്ങിയ മാമ്പഴങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇതുവരെ കാലാവസ്ഥ അനുകൂലമായതിനാല്‍ ഈ സീസണില്‍ മാള്‍ഡ ജില്ലയില്‍ മികച്ച മാമ്പഴം ഉല്‍പാദിപ്പിക്കാന്‍ സാധിച്ചെന്ന് ജില്ല ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത് ലായിക് പറഞ്ഞു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെയും ജില്ല ഭരണകൂടത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെയും സംയുക്ത സംരംഭമായി മാള്‍ഡയുടെ മാമ്പഴങ്ങള്‍ വിദേശ വിപണികളില്‍ കൂടുതല്‍ ജനപ്രിയമാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാമ്പഴ കയറ്റുമതിയിലൂടെ മാള്‍ഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ് ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ല ഭരണകൂടത്തിന്റെയും പ്രതീക്ഷ. കയറ്റുമതിയിലൂടെ വരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.