തിരുവനന്തപുരത്ത് വീണ്ടും നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരത്ത് വീണ്ടും നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. 

സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് കേസെടുത്തത് മൂന്ന് ദിവസത്തിന് ശേഷമാണ്. സംഭവം ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. 

മൂലവിളാകത്ത് താമസിക്കുന്ന 49കാരിക്കാണ് ഞെട്ടിപ്പിക്കുന്ന ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ 13ന് രാത്രി 11മണിക്കാണ് സംഭവം. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ മൂലവിളാകം ജങ്ഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞ് നിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല. പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. 

ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് സ്റ്റേഷനിലെത്തി മൊഴി നൽകാൻ. സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് കേസെടുക്കാൻ തയാറായത്.

ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം പ്രതിപക്ഷം ഉന്നയിക്കും. ഇതേപോലെ തിരുവനന്തപുരത്ത് ഒരു യുവതിയെ പുരുഷ സംഘം മർദിച്ച സംഭവത്തിൽ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കർ നിഷേധിച്ചതാണ് കഴിഞ്ഞ ദിവസം നിയമസഭ മന്ദിരത്തിലുണ്ടായ അനിഷ്ടസംഭവങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. 

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുമ്പോൾ പുതിയ വിഷമായി ഈ സംഭവവും ഉന്നയിക്കും. റൂൾ 50 അനുവദിക്കുക , എം.എൽ.എമാരെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ച് നിൽക്കാനാണ് പ്രതിപക്ഷ തീരുമാനം. 

കഴിഞ്ഞ വെള്ളിയാഴ്ച വരെ വഴങ്ങാതിരുന്ന ഭരണപക്ഷം അനുനയത്തിന്‍റെ പാത തുറന്നിടാൻ സാധ്യതയേറെയാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും . സ്പീക്കറുടെ ഓഫീസിന് മുൻപിലെ സമരവുമായി ബന്ധപ്പെട്ട് റൂളിങ് ഉണ്ടാകാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.