ഇന്ത്യയില്‍ സന്തോഷം തീരെയില്ല; ലോക ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 126-ാമത്: ആറാം തവണയും ഫിന്‍ലന്‍ഡ് ഒന്നാമത്

ഇന്ത്യയില്‍ സന്തോഷം തീരെയില്ല; ലോക ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 126-ാമത്: ആറാം തവണയും ഫിന്‍ലന്‍ഡ് ഒന്നാമത്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളെ കണ്ടെത്തുന്ന വേള്‍ഡ് ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. ഫിന്‍ലന്‍ഡ് ആണ് ഒന്നാമത്. ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ്‌ലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായി ആറാം തവണയാണ് ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമാകുന്നത്.

ഇസ്രയേല്‍ (നാല്), നെതര്‍ലന്‍ഡ്സ് (അഞ്ച്), സ്വീഡന്‍ (ആറ്), നോര്‍വേ (ഏഴ്), സ്വിറ്റ്സര്‍ലന്‍ഡ് (എട്ട്), ലക്സംബര്‍ഗ് (ഒമ്പത്), ന്യൂസിലന്‍ഡ് (പത്ത്) എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് രാജ്യങ്ങള്‍. 

നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. ചൈന 64-ാം സ്ഥാനത്തും നേപ്പാള്‍ 78-ാം സ്ഥാനത്തും പാകിസ്താന്‍ 108-ാം സ്ഥാനത്തും ശ്രീലങ്ക 112-ാം സ്ഥാനത്തും ബംഗ്ലാദേശ് 118-ാം സ്ഥാനത്തുമാണ്.

യുദ്ധം സന്തോഷം കെടുത്തിയ റഷ്യ 72-ാം സ്ഥാനത്തും ഉക്രെയ്ന്‍ 92-ാമതാണുള്ളത്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍.

പ്രതിശീര്‍ഷ വരുമാനം, സാമൂഹിക പിന്തുണ, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഉദാരസമീപനം, കുറഞ്ഞ അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയുള്ള സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിന്റെ സന്തോഷത്തിന്റെ തോത് നിര്‍ണയിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷ്യന്‍സ് നെറ്റ്വര്‍ക്ക് ആണ് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്നത്. 150 ലേറെ രാജ്യങ്ങളിലെ ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.