ഓസ്‌ട്രേലിയയില്‍ ഒരു ലക്ഷം പേര്‍ അഭയാര്‍ത്ഥി പദവിക്കായി കാത്തിരിക്കുന്നു; 72,875 പേരുടെ അപേക്ഷ നിരസിക്കുമെന്നു സൂചന

ഓസ്‌ട്രേലിയയില്‍ ഒരു ലക്ഷം പേര്‍ അഭയാര്‍ത്ഥി പദവിക്കായി കാത്തിരിക്കുന്നു; 72,875 പേരുടെ അപേക്ഷ നിരസിക്കുമെന്നു സൂചന

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ അനധികൃതമായി കഴിയുന്ന ഒരു ലക്ഷം പേര്‍ അഭയാര്‍ത്ഥി പദവിക്കായി കാത്തിരിക്കുകയാണെന്ന് ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍. ഇതില്‍ 72,875 പേരുടെ അപേക്ഷ നിരസിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. അങ്ങനെ നിരസിച്ചാല്‍ ഇവരെ നാടുകടത്തും.

ആഭ്യന്തര വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ മാത്രം 1,725 പേരാണ് അഭയാര്‍ത്ഥി പദവി അവകാശപ്പെടുന്നത്. അല്‍ബനീസി സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അത്തരം അപേക്ഷകളുടെ എണ്ണം 12,859 ആയി.

2014 മുതല്‍ 2019 വരെ ഏകദേശം 80,000 അഭയാര്‍ത്ഥികള്‍ വ്യോമ മാര്‍ഗം എത്തിയെന്ന് അന്നു പ്രതിപക്ഷമായിരുന്ന ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തിയിരുന്നു.

കോവിഡ് മഹാമാരിയെതുടര്‍ന്ന് അടച്ചിട്ട ഓസ്ട്രേലിയയുടെ അതിര്‍ത്തികള്‍ 2021 നവംബറില്‍ വീണ്ടും തുറന്നതു മുതല്‍ ഇത്തരം അപേക്ഷകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അബുല്‍ റിസ്വി പറഞ്ഞു.

ഇപ്പോള്‍ അഭയാര്‍ത്ഥി പദവി നിര്‍ണയത്തിനായി 27,342 പേരാണു കാത്തിരിക്കുന്നത്. അഭയാര്‍ത്ഥി വിസ അനുവദിക്കാത്ത 72,875 പേരെ നാടു കടത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്ത് ആകെ 100,000 ലധികം അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ടെന്ന് അബുല്‍ റിസ്വി പറഞ്ഞു.

അതേസമയം, അഭയാര്‍ത്ഥികളില്‍ മിക്കവരും നിയമവിരുദ്ധമായി തൊഴില്‍ ചെയ്യുന്നുണ്ട്. ചൂഷണം കൂടുതലുള്ള തൊഴില്‍ മേഖലകളില്‍ ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നതായി റിസ്വി പറഞ്ഞു. പാര്‍പ്പിട സൗകര്യങ്ങള്‍ സാധാരണക്കാരനു പോലും അപ്രാപ്യമാകുമ്പോള്‍ ഇവരില്‍ പലരും തെരുവുകളിലാണു താമസിക്കുന്നത്.

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം ഏകദേശം 13,000 അഭയാര്‍ത്ഥികള്‍ വിമാന മാര്‍ഗം എത്തിയിട്ടുണ്ടെന്ന് ഷാഡോ ഇമിഗ്രേഷന്‍ മന്ത്രി ഡാന്‍ ടെഹാന്‍ പറഞ്ഞു. ലേബര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഭയം തേടിയെത്തുന്നവരുടെ വരവ് വലിയ പ്രതിസന്ധിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. അത് കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് പദ്ധതിയില്ല - ഡാന്‍ ടെഹാന്‍ കൂട്ടിച്ചേര്‍ത്തു.

പസഫിക് ദ്വീപിലെ 3,000 പൗരന്മാര്‍ക്ക് നറുക്കെടുപ്പിലൂടെ പെര്‍മനന്റ് റെസിഡന്‍സി വിസ നല്‍കാനുള്ള പദ്ധതിയും ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.