യുദ്ധ മുഖത്തെ മുറിവുകളേറ്റ ബാല്യം; അഭയാര്‍ത്ഥിയില്‍നിന്ന് വത്തിക്കാന്റെ സുവിശേഷവത്കരണ ഡിക്കാസ്റ്ററി സെക്രട്ടറിയായ കഥ പങ്കിട്ട് നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പ്

യുദ്ധ മുഖത്തെ മുറിവുകളേറ്റ ബാല്യം; അഭയാര്‍ത്ഥിയില്‍നിന്ന് വത്തിക്കാന്റെ സുവിശേഷവത്കരണ ഡിക്കാസ്റ്ററി സെക്രട്ടറിയായ കഥ പങ്കിട്ട് നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പ്

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ കനല്‍വഴികള്‍ പിന്നിട്ടാണ് നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പായ ഫോര്‍ത്തുണാത്തൂസ് ന്വചുക്വു വത്തിക്കാനിലെ ഏറ്റവും സുപ്രധാന പദവിയിലെത്തുന്നത്. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് പാപ്പ ആര്‍ച്ച് ബിഷപ്പ് ന്വചുക്വുവിനെ നിയമിക്കുന്നത്. യുദ്ധത്തിലെ അഭയാര്‍ത്ഥി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കുട്ടിക്കാലം രൂപപ്പെടുത്തിയെടുത്ത നിലപാടുകള്‍ എന്നും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു.

2021 ഡിസംബര്‍ മുതല്‍ ഐക്യരാഷ്ട്ര സഭയിലേക്കും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലും വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്തു വരുന്നതിനിടെയാണ് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തിന് ഈ പുതിയ നിയോഗം നല്‍കിയിരിക്കുന്നത്. ഡിക്കസ്റ്ററിയിലെ നവ സുവിശേഷവത്കരണത്തിനും വ്യക്തിഗത സഭകള്‍ക്കും വേണ്ടിയുള്ള വിഭാഗത്തിലായിരിക്കും അദ്ദേഹം സേവനമനുഷ്ഠിക്കുക. 1994-ല്‍ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തില്‍ ചേര്‍ന്ന അദ്ദേഹം 2012 മുതല്‍ വിവിധ രാജ്യങ്ങളില്‍ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായും സേവനം ചെയ്തിട്ടുണ്ട്.


നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പായ ഫോര്‍ത്തുണാത്തൂസ് ന്വചുക്വു മാര്‍പ്പാപ്പയ്‌ക്കൊപ്പം

1960 മെയ് 10 ന് നൈജീരിയയിലെ അബിയ സംസ്ഥാനത്തിലെ എന്റ്റിഗയിലാണ് ഫോര്‍ചുനാറ്റസ് ന്വചുക്വു ജനിച്ചത്. നൈജീരിയയിലെ ആഭ്യന്തര യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ബാല്യമായിരുന്നു ന്വചുക്വുവിന്റേത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ ആഭ്യന്തര യുദ്ധങ്ങളിലൊന്നായിരുന്നു നൈജീരിയ-ബിയാഫ്ര യുദ്ധമെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം ഓര്‍മിക്കുന്നു. അന്ന് ഏഴു വയസുകാരനായിരുന്നു ന്വചുക്വു.

'എന്റെ സമപ്രായക്കാരില്‍ പലരെയും നഷ്ടമായി. എന്റെ രണ്ട് സഹോദരിമാരെ നഷ്ടപ്പെട്ടു. അതിനാല്‍, ഒരു യുദ്ധസാഹചര്യത്തിലൂടെ കടന്നുപോകുക എന്നതിന്റെ വ്യാപ്തിയും വേദനയും വളരെ ചെറുപ്പം മുതല്‍ എനിക്കറിയാമായിരുന്നു. വിശപ്പിന്റെ അനുഭവം, കുടിയിറക്കപ്പെട്ട അനുഭവം എന്നിവ എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഒരു അഭയാര്‍ത്ഥിയുടെ അനുഭവം എനിക്ക് എന്റേതായി പെട്ടെന്ന് ഉള്‍ക്കൊള്ളാനാകും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷത്തിനടുത്ത് നീണ്ടുനിന്ന യുദ്ധത്തില്‍ ഏകദേശം ഒരു ദശലക്ഷം ആളുകള്‍ മരിച്ചിരുന്നു. ഭൂരിഭാഗവും പട്ടിണി മൂലമാണ് മരിച്ചത്.

'സ്വന്തം വീട്ടില്‍നിന്ന് മാറി താമസിക്കുന്ന വേദനയേറിയ അനുഭവം എനിക്ക് നന്നായി അറിയാം. എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം വളരെക്കാലം നഷ്ടപ്പെട്ടു. ഞങ്ങള്‍ 13 വയസ് മാത്രം പ്രായമുള്ള മൂത്ത സഹോദരന്റെ സംരക്ഷണയിലായിരുന്നു. അതിനാല്‍, കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നതിന്റെ അനുഭവം എനിക്ക് നന്നായി അറിയാം' - ആര്‍ച്ച് ബിഷപ്പ് തുടര്‍ന്നു.

'തനിക്ക് 1967 മുതല്‍ 1970 വരെയുള്ള മൂന്ന് വര്‍ഷക്കാലം വിദ്യാഭ്യാസം നഷ്ടപ്പെട്ടു. ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാനെ പ്രതിനിധീകരിക്കുമ്പോള്‍, യുദ്ധത്തില്‍ കുടിയിറക്കപ്പെട്ട ഒരു നിരപരാധിയായ ഇരയുടെ അവസ്ഥ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ട്.

ജനീവയിലെ ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രജ്ഞനായി ആര്‍ച്ച് ബിഷപ്പ് സേവനം അനുഷ്ഠിച്ചിരുന്നു. 'ഒരു വ്യക്തി എന്നോട് വിവേചനത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും അനീതിയെക്കുറിച്ചും സംസാരിക്കുമ്പോള്‍, അവയെല്ലാം എന്റെ അനുഭവമാണെന്ന് എനിക്ക് തോന്നാറുണ്ട്'.

നൈജീരിയയിലെ ബിഗാര്‍ഡ് മെമ്മോറിയല്‍ സെമിനാരിയില്‍ ഫിലോസഫി പഠിച്ച ന്വചുക്വു 1984 ജൂണ്‍ 17-ന് ഉമുവാഹിയ രൂപത വൈദികനായി അഭിഷിക്തനായി. 2007 സെപ്റ്റംബര്‍ 4-ന് അദ്ദേഹം വത്തിക്കാന്‍ സെക്രട്ടേറിയറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ചീഫ് ആയി നിയമിതനായി. 2012 നവംബര്‍ 12-ന്, ബെനഡിക്ട് മാര്‍പാപ്പ അദ്ദേഹത്തെ അക്വാവിവയിലെ ടൈറ്റുലര്‍ ആര്‍ച്ച് ബിഷപ്പായും നിക്കരാഗ്വയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായും നിയമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളില്‍ അപ്പസ്‌തോലിക് ന്യൂണ്‍ഷോയായി സേവനം ചെയ്തു.

അറബി, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി നിരവധി ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. 2021 ഡിസംബര്‍ 23-ന്, റോമന്‍ കൂരിയയിലെ മുതിര്‍ന്ന അംഗങ്ങളോടുള്ള തന്റെ ക്രിസ്മസ് സന്ദേശത്തില്‍ വായിക്കാന്‍ ആഹ്വാനം നല്‍കിയ പുസ്തകങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് ഫോര്‍ത്തുണാത്തൂസിന്റെ രചനയുമുണ്ടായിരുന്നു.

'രാഷ്ട്രങ്ങളുടെ വെളിച്ചമായ ക്രിസ്തുവിനെ വാക്കിനാലും പ്രവൃത്തിയാലും അറിയാനും സാക്ഷ്യപ്പെടുത്താനും അവിടുത്തെ നിഗൂഢ ശരീരമായ സഭ കെട്ടിപ്പടുക്കാനുമുള്ള സുവിശേഷീകരണത്തിന്റെ വേലയാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.