തിരുവനന്തപുരം: കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മിതികളും കൂട്ടിച്ചേര്‍ക്കലുകളും കണ്ടെത്തി പിഴ ഈടാക്കാന്‍ നീക്കം. ഇതിനായി വീടുവീടാന്തരം പരിശോധന നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ അനധികൃത നിര്‍മാണങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം. മേയ് 15 ന് മുന്‍പ് കെട്ടിട ഉടമ സ്വമേധയാ തദ്ദേശ സ്ഥാപന സെക്രട്ടറിയെ രേഖാമൂലം വിവരം അറിയിച്ചാല്‍ പിഴയില്‍ നിന്നു രക്ഷപ്പെടാം. പരിശോധന ജൂണ്‍ 30 ന് പൂര്‍ത്തിയാക്കി അധിക കെട്ടിടനികുതിയും പിഴയും ചുമത്താനാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവിലുള്ളത്.
ഉടമ അറിയിച്ചാലും ഇല്ലെങ്കിലും കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീല്‍ഡ് ഓഫിസര്‍മാര്‍ പരിശോധിച്ചു സോഫ്ട് വെയറില്‍ ചേര്‍ക്കുകയും മാറ്റം വന്ന കാലം മുതലുള്ള അധിക നികുതി നിര്‍ണയിക്കുകയും ചെയ്യും.
വിവര ശേഖരണത്തിനും ഡേറ്റാ എന്‍ട്രിക്കുമായി സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ നിയോഗിക്കും.
ഒരു തദ്ദേശസ്ഥാപനത്തിനു കീഴില്‍ പരിശോധിക്കുന്ന കെട്ടിടങ്ങളില്‍ 10 ശതമാനം കെട്ടിടങ്ങള്‍ തദ്ദേശ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധിക്കും. ആദ്യ പരിശോധനയില്‍ 25 ശതമാനത്തിലേറെ പാളിച്ച കണ്ടെത്തിയാല്‍ മുഴുവന്‍ കെട്ടിടങ്ങളും വീണ്ടും പരിശോധിക്കും.
പരിശോധന കഴിഞ്ഞ് 30 ദിവസത്തിനകം ഉടമയ്ക്ക് ഡിമാന്‍ഡ് നോട്ടിസ് നല്‍കും. ആക്ഷേപമുണ്ടെങ്കില്‍ 15 ദിവസത്തിനകം സെക്രട്ടറിയെ അറിയിക്കണം. സിറ്റിസന്‍ പോര്‍ട്ടലിലെ 9 ഡി ഫോമില്‍ ഓണ്‍ലൈനായാണ് ആക്ഷേപം സമര്‍പ്പിക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് സൗകര്യം ഒരുക്കും.
പഞ്ചായത്തുകളില്‍ പ്രസിഡന്റ്, സെക്രട്ടറി, എന്‍ജിനീയര്‍ എന്നിവരും നഗരസഭകളില്‍ ഡപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പഴ്സന്‍, സെക്രട്ടറി, എന്‍ജിനീയര്‍ എന്നിവരും ഉള്‍പ്പെട്ട സമിതി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കെട്ടിട നികുതി നിര്‍ണയിച്ച ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗ രീതിയിലോ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ 30 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നാണു ചട്ടം.
ഇല്ലെങ്കില്‍ 1000 രൂപയോ പുതുക്കിയ നികുതിയോ, ഇവയില്‍ കൂടുതലുള്ള തുക, പിഴയായി ചുമത്താം. കെട്ടിടം വിറ്റാല്‍ ഉടമ 15 ദിവസത്തിനകം തദ്ദേശ സെക്രട്ടറിയെ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 500 രൂപയാണു പിഴ.
വീടുകളില്‍ കൂട്ടിച്ചേര്‍ത്ത ഭാഗം ഭിത്തിയോ ഗ്രില്ലോ സ്ഥാപിച്ചു തിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കില്‍ നികുതിയില്ല. ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേല്‍ക്കൂരയ്ക്കും നികുതിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.