ചട്ടലംഘനം നടത്തിയിട്ടില്ല; വിസി സ്ഥാനം ഏറ്റെടുത്തത് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം: സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് സിസ തോമസിന്റെ മറുപടി

ചട്ടലംഘനം നടത്തിയിട്ടില്ല; വിസി സ്ഥാനം ഏറ്റെടുത്തത് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം: സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് സിസ തോമസിന്റെ മറുപടി

തിരുവനന്തപുരം: താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി സാങ്കേതിക സർവകലാശാല വിസി ഡോ. സിസ തോമസ്. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് വിസി സ്ഥാനം ഏറ്റെടുത്തതെന്നും സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി സിസ തോമസ് വ്യക്തമാക്കി.

തനിക്ക് ചുമതല നല്‍കിയ ഉത്തരവ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചിരുന്നുവെന്ന് സിസാ തോമസ് പറയുന്നു. നാളെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കേസ് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് സിസാ തോമസ് മറുപടി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല വിസി ചുമതലയേറ്റെടുത്തതിലാണ് സര്‍ക്കാര്‍ ഡോ. സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അനുമതി തേടാത്തത് ചട്ടവിരുദ്ധമെന്നും വകുപ്പുതല നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ടായിരുന്നു. ഇതിലെ തുടര്‍നടപടികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിലക്കിയിരുന്നു. സിസ തോമസ് നല്‍കിയ പരാതിയിലായിരുന്നു നടപടി.

അതിനിടെ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ തടഞ്ഞ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടു. സിന്‍ഡിക്കേറ്റിന് വേണ്ടി ഐ.ബി. സതീഷ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 

സിന്‍ഡിക്കേറ്റിന്റെയും ബോര്‍ഡ് ഓഫ് ഗവേണേഴ്‌സിന്റെയും തീരുമാനങ്ങള്‍ താത്കാലിക വിസി സിസ തോമസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ റദ്ദാക്കിയത്. ഗവര്‍ണറുടെ ഉത്തരവ് നിയമപരമല്ലെന്നും, തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുള്ള നടപടി സര്‍വകലാശാല നിയമത്തിനെതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.