നിരോധിത സംഘടനകളിലെ അംഗത്വവും കുറ്റകരം; യുഎപിഎ ചുമത്താം: 2011 ഉത്തരവ് തിരുത്തി സുപ്രീം കോടതി

നിരോധിത സംഘടനകളിലെ അംഗത്വവും കുറ്റകരം; യുഎപിഎ ചുമത്താം: 2011 ഉത്തരവ് തിരുത്തി സുപ്രീം കോടതി

അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011 ലെ വിധി.

ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. 2011 ലെ വിധി തിരുത്തിക്കൊണ്ടാണ് സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.

അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011 ലെ വിധി.

രണ്ടംഗ ബെഞ്ചിന്റെ ഈ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ 10 എ (1) വകുപ്പ് ബെഞ്ച് ശരിവച്ചു.

ഉള്‍ഫയില്‍ അംഗമായിരുന്ന ആള്‍ക്കെതിരെ ടാഡ പ്രകാരം എടുത്ത കേസിലെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞുകൊണ്ടാണ് 2011 ല്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ജ്ഞാന്‍ സുധാ മിശ്രയും വിധി പറഞ്ഞത്.

അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ആളുകളെ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാന നില തകര്‍ക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം നിരോധിത സംഘടനയില്‍ അംഗമായിരുന്നു എന്നതു കൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ലെന്നായിരുന്നു വിധി.

കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയാണ് വിധിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 2014 ല്‍ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഇതിലാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.