ചന്ദ്രനില്‍ ആദ്യ വനിത: നാസ ദൗത്യം തുടങ്ങി

ചന്ദ്രനില്‍ ആദ്യ വനിത:  നാസ ദൗത്യം തുടങ്ങി

ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ മനുഷ്യന്റെ കാല്‍ സ്പര്‍ശമേറ്റിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയത് നീല്‍ ആംസ്ട്രോങ് ആയിരുന്നു. തൊട്ടു പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും. എന്നാല്‍ ഇതുവരെ ഒരു സ്ത്രീ പോലും ചന്ദ്രനിലെത്തിയിട്ടില്ല. ആ പരാതി എന്തായാലും തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാസ.

ഈ ദൗത്യത്തില്‍ നാസയ്ക്കൊപ്പം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഉണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വിവരം കഴിഞ്ഞ ദിവസം ജെഫ് ബെസോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയായ ബ്ലൂ ഒറിജിന്റെ സ്ഥാപകന്‍ ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് തന്നെയാണ്. 2000 ല്‍ ആയിരുന്നു ജെഫ് ബെസോസ് ബ്ലൂ ഒറിജിന്‍ സ്ഥാപിച്ചത്. രണ്ട് പതിറ്റാണ്ടിനിടയില്‍ വലിയ നേട്ടങ്ങള്‍ പലതും ബ്ലൂ ഒറിജിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മൂന്നാം പതിറ്റാണ്ടില്‍ ഒരുപക്ഷേ, ബ്ലൂ ഒറിജിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തപ്പെടും. കരുത്തുറ്റ റോക്കറ്റ് എന്‍ജിന്റെ പേരില്‍ ആയിരിക്കും അത്. ബ്ലൂ ഒറിജിന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ റോക്കറ്റ് എന്‍ജിന്‍ ആണ് ബിഇ-7. 2024 ല്‍ ചന്ദ്രനിലേക്ക് ആദ്യമായി ഒരു വനിതയെ അയയ്ക്കുമ്പോള്‍, അവരെ വഹിക്കുക ഈ റോക്കറ്റ് എന്‍ജിന്‍ ആയിരിക്കും. അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

റോക്കറ്റ് എന്‍ജിന്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ഒരു ചെറു വീഡിയോ ആണ് ജെഫ് ബെസോസ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അലബാമയിലെ നാസയുടെ സ്പേസ് ഫ്ലൈറ്റ് സെന്ററില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ. ബിഇ-7 എന്‍ജിന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് ജെഫ് ബെസോസ് തന്നെ പറയുന്നത്.

ആദ്യത്തെ സ്ത്രീയേയും മൂന്നാമത്തെ പുരുഷനേയും ചന്ദ്രോപരിതലത്തില്‍ ഇറക്കുന്ന നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ് പ്രോഗ്രാം. 2024 ല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ആദ്യ വനിത ഇറങ്ങുക. 2019 ല്‍ ആയിരുന്നു ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ ഇതിന്റെ ഭാഗമായത്. 2024 ല്‍ ആണ് സ്ത്രീയേയും പുരുഷനേയും ചന്ദ്രനില്‍ എത്തിക്കാന്‍ നാസ പദ്ധതിയിടുന്നത്. രണ്ട് ലക്ഷം കോടി രൂപയാണ് ഇതിന്റെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.