ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; രാജ്യത്ത് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; രാജ്യത്ത് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് എംബിബിഎസ് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എംബിബിഎസ് പാര്‍ട്ട് 1, പാര്‍ട് 2 എന്നിവ പാസാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്തിമ അവസരം നല്‍കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ എംബിബിഎസ് പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും തിയറി പരീക്ഷ. തിരഞ്ഞെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണ് പ്രാക്ടിക്കല്‍ നടത്തുക. ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാര്‍ത്ഥികള്‍ രണ്ട് വര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ആദ്യ വര്‍ഷം സൗജന്യമായിരിക്കും. രണ്ടാം വര്‍ഷം എന്‍എംസി (നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍) തീരുമാനിച്ച പ്രകാരമുള്ള തുക നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.

ഇത് ഒറ്റത്തവണത്തേക്ക് മാത്രമുള്ള തീരുമാനമാണെന്നും നിലവിലുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യക്കാരായ നിരവധി പേരാണ് ഉക്രെയ്‌നില്‍ എംബിബിഎസ് പഠിതാക്കളായി ഉണ്ടായിരുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തോടെ ഇവരുടെ പഠനം പ്രതിസന്ധിയില്‍ ആകുകയായിരുന്നു. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.