മണ്ണിനടിയില്‍നിന്ന് ജീവിതത്തിലേക്ക്; കനത്ത മഴയില്‍ തകര്‍ന്ന സ്വര്‍ണഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി: വീഡിയോ

മണ്ണിനടിയില്‍നിന്ന് ജീവിതത്തിലേക്ക്; കനത്ത മഴയില്‍ തകര്‍ന്ന സ്വര്‍ണഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി: വീഡിയോ

കിന്‍ഷാസ: കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ സ്വര്‍ണ ഖനിയില്‍നിന്ന് രക്ഷപ്പെട്ടുവരുന്ന ഖനിത്തൊഴിലാളികളുടെ ദൃശ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. കഴിഞ്ഞ ദിവസം ഇവിടെ ഒരു സ്വര്‍ണഖനിയില്‍ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. മണ്ണിനടിയില്‍ ഒന്‍പതു പേര്‍ കുടുങ്ങി. ഇവരെ രക്ഷിക്കുന്ന വീഡിയോ ആണ് തരംഗമായിരിക്കുന്നത്.

ഒരാള്‍ തന്റെ കൈകള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്താണ് ആളുകളെ രക്ഷിച്ചത്. തകര്‍ന്ന ഖനിക്കകത്തുനിന്ന് തൊഴിലാളികള്‍ പുറത്തുവരുന്നതും കാഴ്ചക്കാര്‍ മതിമറന്ന് ആഹ്ലാദിക്കുന്നതും വീഡിയോയില്‍ കാണാം.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ട്വിറ്ററില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനായി രണ്ടുപേര്‍ മണ്‍കൂനയിലിരുന്ന് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ഇവരില്‍ ഒരാള്‍ കൈകള്‍കൊണ്ട് കുഴിയിലെ മണ്ണ് അടര്‍ത്തിയെടുക്കുന്നു. അങ്ങനെ നേരിയ സുഷിരമുണ്ടാക്കി അതുവഴി കുഴിയില്‍നിന്ന് ഓരോരുത്തരെയായി അതിവേഗം പുറത്തെത്തിക്കുന്നു.

മണ്ണ് അടര്‍ത്തി മാറ്റുന്നതിനിടെ ചെരിവിന് മുകളില്‍നിന്ന് മണ്ണ് വീണ് കുഴി വീണ്ടും അടയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇങ്ങനെ ഓരോരുത്തരേയും സാഹസപ്പെട്ടുതന്നെ ഒടുക്കം പുറത്തിറക്കി. ഓരോരുത്തരും പുറത്തെത്തുന്നത് കാണുന്നതോടെ സഹ ജോലിക്കാര്‍ മതിമറന്ന് ഉച്ചത്തില്‍ ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മധ്യ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഖനി അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഏറ്റവും അപകടം പിടിച്ച ജോലിയാണ് ഖനിത്തൊഴിലാളികളുടേത്. മണ്ണിനടിയിലാണ് ജോലിയെന്നതിനാല്‍ തന്നെ അപകടം സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത പോലും വളരെ ചുരുക്കമാണ്. കൃത്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാതെയാണ് ഖനികളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.