ചന്ദ്രനില്‍നിന്നുള്ള മണ്ണിന്റെ സാമ്പിളുകളില്‍ പുതിയ ജലസ്രോതസിന്റെ സൂചന; നിര്‍ണായക കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

ചന്ദ്രനില്‍നിന്നുള്ള മണ്ണിന്റെ സാമ്പിളുകളില്‍ പുതിയ ജലസ്രോതസിന്റെ സൂചന; നിര്‍ണായക കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

ബീജിങ്: ചൈനീസ് ബഹിരാകാശ പേടകമായ ചാങ്-5 പേടകം ചന്ദ്രനില്‍ നിന്ന് ശേഖരിച്ച മണ്ണിന്റെ സാമ്പിളുകളില്‍ പുതിയ ജലസ്രോതസിന്റെ സൂചനകള്‍ കണ്ടെത്തിയതായി ഗവേഷകര്‍. ചന്ദ്രനില്‍ പുതിയ ഒരു ജലസ്രോതസ് ഉണ്ടെന്നുള്ളതിന്റെ അടയാളമാണ് ഈ കണ്ടെത്തലെന്ന്് ഗവേഷകര്‍ അവകാശപ്പെട്ടു. ചന്ദ്രോപരിതലത്തില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണും പാറയും ഉള്‍പ്പെടെ മൊത്തം 1,731 ഗ്രാം സാംപിളുകളാണ് പേടകം ഭൂമിയില്‍ എത്തിച്ചത്. ഇവ വിശദമായി പരിശോധിച്ചപ്പോഴാണ് മണ്ണില്‍ ജലാംശം കണ്ടെത്തിയത്.

ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, അസന്‍ഡര്‍, റിട്ടേണ്‍ എന്നിവ ഉള്‍പ്പെടുന്ന ചാങ്-5 ദൗത്യം 2020 നവംബര്‍ 24 നാണ് വിക്ഷേപിച്ചത്. ഡിസംബര്‍ ഒന്നിനാണ് പേടകം ചന്ദ്രനില്‍ ഇറങ്ങിയത്. തുടര്‍ന്ന് റോബോട്ട് ഉപയോഗിച്ച് ചന്ദ്രോപരിതലത്തിലെ അയഞ്ഞ പാറയും മണ്ണും കുഴിച്ചെടുത്തു.

40 വര്‍ഷത്തിനിടെ ആദ്യമായാണ് ചന്ദ്രനില്‍ നിന്ന് ഒരു പേടകം ഭൂമിയില്‍ ലാന്‍ഡ് ചെയ്തത്. ഡിസംബര്‍ 16 ന് ചാങ് -5 പേടകത്തിന്റെ റിട്ടേണ്‍ കാപ്‌സ്യൂള്‍ ഇന്നര്‍ മംഗോളിയയിലാണ് തിരിച്ചിറങ്ങിയത്.

ചൈനീസ് ഗവേഷകരുടെ കണ്ടെത്തലുകള്‍ വിവരിക്കുന്ന പഠനം മാര്‍ച്ച് 27 ന് നേച്ചര്‍ ജിയോസയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ചു. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സിലെ പ്രൊഫസര്‍ ഹു സെന്നിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് വിശദമായ പഠനം നടത്തിയത്.

ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങളിലൂടെയും മറ്റ് ബഹിരാകാശ ദൗത്യങ്ങളിലൂടെയും ഇന്‍-സിറ്റു റിസോഴ്‌സ് ഉപയോഗത്തിന് ചാന്ദ്ര ഉപരിതല ജലത്തിന് സാധ്യതയുള്ളതിനാല്‍, ചന്ദ്രനിലെ ജലം എല്ലാവര്‍ക്കും കൗതുകകരമാണ്.

നിരവധി ചാന്ദ്ര ദൗത്യങ്ങള്‍ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ അളവ് ഭൂമിയേക്കാള്‍ വളരെ കുറവാണെന്നാണു നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.