രാജ 'അയോഗ്യന്‍' തന്നെ; സ്റ്റേ നീട്ടിയില്ല: സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകം

രാജ 'അയോഗ്യന്‍' തന്നെ; സ്റ്റേ നീട്ടിയില്ല: സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകം

കൊച്ചി: നിയമസഭാംഗത്വം റദ്ദാക്കിയ ഉത്തരവില്‍ സ്റ്റേ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ദേവികുളം എംഎല്‍എ എ.രാജ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി 10 ദിവസത്തേക്കായിരുന്നു സ്റ്റേ അനുവദിച്ചത്.

സ്റ്റേ 20 ദിവസം കൂടി നീട്ടണമെന്ന രാജയുടെ ആവശ്യം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തില്‍ പരിഗണിക്കാനാകില്ലെന്ന് ജസ്റ്റിസ് പി. സോമരാജന്‍ വിലയിരുത്തി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തെങ്കിലും ഹര്‍ജി ഇതുവരെ പരിഗണനയ്ക്ക് വന്നില്ല.

സ്റ്റേ മാറ്റപ്പെട്ടതോടെ സാങ്കേതികമായി രാജ വീണ്ടും എംഎല്‍എ അല്ലാതായി. സുപ്രീം കോടതിയുടെ ഇടപെടല്‍ ഇല്ലെങ്കില്‍ നിയമസഭയില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിയില്ല. നിയമസഭാംഗമെന്ന നിലയില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ പാടില്ലെന്ന് ഇടക്കാല സ്റ്റേ നല്‍കിയ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ തീരുമാനമാണ് ഇനി നിര്‍ണായകം.

പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി നേരത്തേ അസാധുവാക്കിയത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.