സന്യാസ സമൂഹങ്ങളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സമയപരിധി മുപ്പത് ദിവസമായി നീട്ടി മാര്‍പ്പാപ്പ

 സന്യാസ സമൂഹങ്ങളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സമയപരിധി മുപ്പത് ദിവസമായി നീട്ടി മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: സന്യാസ സമൂഹങ്ങളില്‍ നിന്ന് പിരിച്ചുവിടുന്ന സമര്‍പ്പിതരായ വ്യക്തികള്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സമയപരിധി മുപ്പത് ദിവസമായി നീട്ടി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുറത്തിറക്കിയ സ്വാധികാര (motu proprio) ശ്ലൈഹിക ലേഖനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുള്ളത്. പിരിച്ചുവിടുന്നവരുടെ വ്യക്തിപരമായ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടിയാണ് മാര്‍പ്പാപ്പയുടെ നിര്‍ണായക തീരുമാനം. മാര്‍പ്പാപ്പയുടെ ശ്ലൈഹിക ലേഖനത്തിലെ വ്യവസ്ഥകള്‍ മെയ് ഏഴു മുതല്‍ പ്രാബല്യത്തില്‍ വരും.

സമര്‍പ്പിതരുടെ സമൂഹങ്ങളില്‍ നിന്ന് പിരിച്ചുവിടുന്ന വ്യക്തികളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനും അവരുടെ നിയമപരമായ പദവി മാറ്റുന്നതില്‍ സാവകാശം നല്‍കുന്നതിനുമാണ് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കാന്‍ തീരുമാനിച്ചത്.

ലത്തീന്‍ സഭയ്ക്ക് പത്തു ദിവസവും പൗരസ്ത്യ സഭകള്‍ക്ക് പതിനഞ്ചു ദിവസവുമായിരുന്നു ഇതുവരെ അനുവദിച്ചിരുന്ന സമയപരിധി. ഏപ്രില്‍ രണ്ടിന് ഒപ്പുവെച്ച സ്വാധികാര അപ്പസ്‌തോലിക കത്ത് പ്രകാരം പരിശുദ്ധ പിതാവ്, കാനന്‍ നിയമ കോഡിന്റെ 700-ഉം പൗരസ്ത്യ സഭകളുടെ കാനന്‍ കോഡിന്റെ കാനോന്‍ 501-ഉം നിയമങ്ങള്‍ ഭേദഗതി ചെയ്തു.

കാനന്‍ നിയമ പ്രകാരം, ഒരു സമര്‍പ്പിത വ്യക്തിക്കെതിരെ പുറപ്പെടുവിച്ച പിരിച്ചുവിടല്‍ കല്‍പ്പന സാധുവാകണമെങ്കില്‍, പിരിച്ചുവിടപ്പെട്ടയാള്‍ക്ക് ഉത്തരവിന്റെ അറിയിപ്പ് ലഭിച്ച് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ (പൗരസ്ത്യ സഭകള്‍ക്ക് പതിനഞ്ച് ദിവസങ്ങള്‍) അധികാരികള്‍ക്ക് മുമ്പില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ട്. അപ്പീല്‍ പരിഗണിക്കുന്ന ഇടവേളയില്‍ പിരിച്ചുവിടല്‍ കല്‍പ്പന താത്കാലികമായി മരവിപ്പിക്കുന്നു.

മാറ്റത്തിനുള്ള കാരണങ്ങള്‍

ഇപ്പോഴുള്ള സമയപരിധി വ്യക്തിയുടെ അവകാശ സംരക്ഷണവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെടുന്നു. പിരിച്ചുവിടല്‍ ഉത്തരവ് ലഭിച്ച വ്യക്തിക്ക് അവര്‍ക്കെതിരായ ആരോപണങ്ങള്‍ വിലയിരുത്താനും തന്റെ വാദഗതികള്‍ അധികാരികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കാനും അവസരം ലഭിക്കണം. സമാനമായ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് സമയപരിധി മുപ്പത് ദിവസത്തേക്ക് നീട്ടാനുള്ള തീരുമാനം മാര്‍പ്പാപ്പ കൈക്കൊണ്ടത്.

വ്യക്തികളുടെ അവകാശങ്ങള്‍

1967 ഒക്ടോബറില്‍ നടന്ന ബിഷപ്പുമാരുടെ സിനഡ് കാനന്‍ നിയമസംഹിതയുടെ പരിഷ്‌കരണത്തിനായി സ്വീകരിച്ച ആറാമത്തെ പൊതുതത്ത്വത്തെ ഉദ്ധരിച്ച് മാര്‍പ്പാപ്പ തന്റെ തീരുമാനം വിശദീകരിക്കുന്നത് ഇപ്രകാരമാണ്: വ്യക്തികളുടെ അവകാശങ്ങള്‍ ഉചിതമായി നിര്‍വചിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്്. വ്യക്തിപരമായ അവകാശങ്ങളുടെ സംരക്ഷണത്തിന് സഭയുടെ നിയമവ്യവസ്ഥയില്‍ പ്രത്യേക സ്ഥാനം നല്‍കണമെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

കാനന്‍ നിയമം വിഭാവനം ചെയ്യുന്നതു പ്രകാരം സമര്‍പ്പിത വ്യക്തിയെ രേഖാ മൂലമോ അഥവാ രണ്ട് സാക്ഷികളുടെ മുമ്പാകെയോ ഉപദേശിക്കുന്നതിനും ആവശ്യമെങ്കില്‍ ശാസിക്കുന്നതിനും മാനസാന്തരപ്പെടാത്ത സാഹചര്യത്തില്‍ പിരിച്ചുവിടലിന്റെ കാരണം വ്യക്തമായി അറിയിച്ച്, പിരിച്ചുവിടല്‍ നടപ്പാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതോടൊപ്പം പിരിച്ചു വിടപ്പെട്ട വ്യക്തിക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കുകയും ചെയ്യുന്നു.

ശരിയായ നടപടിക്രമം മാനിച്ചില്ലെങ്കില്‍, അത് നടപടിക്രമത്തിന്റെ സാധുതയെ തന്നെ അപകടത്തിലാക്കുകയും തല്‍ഫലമായി പിരിച്ചുവിടപ്പെട്ട വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്ന് മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.