വത്തിക്കാൻ സിറ്റി : ആരാധനക്രമ സംഗീതം സഭയുടെ കൂട്ടായ്മ വർദ്ധിപ്പിക്കാനുതകുന്നതും മുന്നോട്ടുള്ള യാത്രയിൽ മുഴുവൻ സഭയ്ക്കും സഹായകരമാകുന്ന വിധമുള്ളതും ആയിരിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ദേവാലയങ്ങളിലെ ഗാനശുശ്രൂഷ സഭാത്മകമായ ഐക്യത്തിന്റെ അടയാളമാണെന്നും വിശ്വാസത്തിൽ ഒരുമിച്ചുനടക്കുന്ന ജനത്തോടൊപ്പം സ്വരൈക്യത്തിൽ നിർവഹിക്കപ്പെടേണ്ട ശുശ്രൂഷയാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
ക്രിസ്തുരാജന്റെ തിരുനാൾ ദിവസമായ നവംബർ 23-ാം തീയതി ഞായറാഴ്ച, ദേവാലയങ്ങളിലെ ഗായക സംഘാംഗങ്ങളുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. സഭക്കുള്ളിൽ സ്നേഹം, ഐക്യം, സിനഡാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ശുശ്രൂഷയാണ് തങ്ങളുടേതെന്ന് ഗായക സംഘാംഗങ്ങളും സംഗീതജ്ഞരും മനസ്സിലാക്കണമെന്ന് പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചു.
ആനന്ദപൂർണമായ സ്തുതിഗീതങ്ങളുടെ ഏകസ്വരത്തിലുള്ള ആലാപനത്തിലൂടെ ആരാധനക്രമ സംഗീതം നമ്മെ നയിക്കുന്നത്, പ്രപഞ്ചത്തിന്റെ രാജാവും കർത്താവുമായ യേശുക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലേക്കാണെന്ന് പാപ്പാ പറഞ്ഞു. ക്രിസ്തുവിന്റെ രാജത്വം വെളിപ്പെട്ടത് ശക്തിയിലല്ല, സ്വയം ദാനത്തിലാണ്. അവിടുത്തെ ശക്തി സ്നേഹമാണ്. ക്രിസ്തുവിന്റെ സിംഹാസനമായ കുരിശിൽനിന്നാണ് അവിടുത്തെ രാജ്യത്തിന്റെ പ്രഭ ലോകത്തിനുമേൽ വീശുന്നത്.
സംഗീതം സ്നേഹത്തിന്റെ പ്രകാശനം
ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത ലോകമെമ്പാടുമുള്ള 117 രാജ്യങ്ങളിൽ നിന്നുള്ള 35,000-ത്തിലധികം സംഗീതജ്ഞരെയും ഗായക സംഘാംഗങ്ങളെയും അഭിസംബോധന ചെയ്ത പാപ്പാ, വിശുദ്ധ സംഗീതം ദൈവസ്നേഹ രഹസ്യത്തിൽ വേരൂന്നിയതാണെന്ന് പറഞ്ഞു. 'സ്നേഹിക്കുന്നവരാണ് പാട്ടുപാടുന്നത്' - വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ച് പാപ്പാ പറഞ്ഞു. പാട്ടുപാടുന്നവർ സ്നേഹവും വേദനകളും ആർദ്രതയും, അതോടൊപ്പം തങ്ങളുടെ ഹൃദയാഭിലാഷങ്ങളും പ്രകാശിപ്പിക്കുന്നവരാണെന്ന് ലിയോ പാപ്പ കൂട്ടിച്ചേർത്തു.
വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവാത്തവയാണ് സംഗീതമെന്ന മഹാദാനത്തിലൂടെ പ്രകാശിതമാകുന്നത്. ആത്മാവ് തരുന്ന നവജീവനാൽ സജീവമാക്കപ്പെട്ട സഭയിലെ ആരാധനക്രമ സംഗീതം 'ഉയിർത്തെഴുന്നേറ്റ ക്രിസ്തു പിതാവിങ്കലേയ്ക്ക് ഉയർത്തുന്ന പുതിയ ഗാനമായി' പരിണമിക്കുന്നു. മാമോദീസ സ്വീകരിച്ച നാമേവരും ഒരൊറ്റ ശരീരമായി, കൃപയുടെ ഗായകരായി, ക്രിസ്തുവിന്റെ ഈ കീർത്തനത്തിൽ പങ്കുചേരുന്നു.
തങ്ങളുടെ സ്തുതിയുടെ കാരണം ഉയിർത്തെഴുന്നേറ്റവനിൽ കണ്ടെത്തുന്ന സഭയുടെ മക്കൾ ക്രിസ്തുവിലുള്ള തങ്ങളുടെ പുതു ജീവിതത്തിൻ്റെ ആനന്ദമാണ് ആരാധനാക്രമ സംഗീതത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.
സിനഡൽ ഗായകസംഘം - ഒരുമിച്ച് നടക്കുന്നവർ
സഭാത്മക ഐക്യത്തിന്റെ മാതൃകയായി തങ്ങളുടെ ശുശ്രൂഷയെ കാണാൻ ഗായക സംഘാംഗങ്ങളോട് മാർപാപ്പ അഭ്യർത്ഥിച്ചു. 'പ്രത്യാശയിൽ നിലനിൽക്കുന്ന യാത്രികരെപ്പോലെ പാട്ടുപാടി സഞ്ചരിക്കുക' - വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ പാപ്പാ വീണ്ടും ഉദ്ധരിച്ചു. ഗായകസംഘത്തിൻ്റെ ഭാഗമാകുകയെന്നാൽ ഒരുമിച്ച് മുന്നേറുക എന്നാണ് അർത്ഥമാക്കുന്നത്. നമ്മുടെ സഹോദരീ സഹോദരന്മാരെ അവരുടെ പ്രയാസങ്ങളിൽ ആശ്വസിപ്പിക്കാനും നീണ്ടുനിൽക്കുന്ന ബുദ്ധിമുട്ടുകളിൽ അവർക്ക് പ്രോത്സാഹനം നൽകാനും ഗായക സംഘാംഗങ്ങൾക്ക് സാധിക്കണം.
'നിങ്ങളുടെ ഐക്യത്തിൽ നിന്നും സ്വരച്ചേർച്ചയോടെയുള്ള സ്നേഹത്തിൽ നിന്നും ക്രിസ്തുവിലൂടെ ഏകസ്വരത്തിൽ ദൈവത്തിന് ഗാനങ്ങൾ അർപ്പിക്കണം' എന്ന അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷിന്റെ വാക്കുകളും പാപ്പാ അനുസ്മരിച്ചു.
ഗാന ശുശ്രൂഷ പ്രാർത്ഥനയാണ് പ്രകടനമല്ല
മുന്നൊരുക്കവും പ്രതിബദ്ധതയും അതിലുപരി ആഴമേറിയ ആധ്യാത്മികതയും ആവശ്യമുള്ള ഒരു ശുശ്രൂഷയാണ് ഗായകസംഘങ്ങൾ നിർവഹിക്കുന്നതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. തങ്ങളുടെ ആലാപനത്തിലൂടെ അവർ മറ്റുള്ളവരെ പ്രാർത്ഥനയിൽ സഹായിക്കുന്നവരാണ്.
'നിങ്ങൾ ഒരു വേദിയിലല്ല മറിച്ച് ഒരു കൂട്ടായ്മയുടെ ഭാഗമാണ്. നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത് ഐക്യം ഊട്ടിയുറപ്പിക്കാനാണ്, ആർഭാടം കാണിക്കാനല്ല. പ്രകടനം നടത്തുന്നതിലൂടെ വിശ്വാസികളുടെ സമ്പൂർണ ഭാഗഭാഗിത്തമാണ് നിങ്ങൾ തടസ്സപ്പെടുത്തുന്നതെന്ന് ഓർമ്മയിൽ സൂക്ഷിക്കണം' - ആരാധനാസംഗീതത്തെ ഒരു പ്രകടനമാക്കി മാറ്റുന്നതിനെതിരെ പരിശുദ്ധ പിതാവ് മുന്നറിയിപ്പു നൽകി.
ഒരു ചെറിയ കുടുംബത്തിലെന്നപോലെ ഗായക സംഘാംഗങ്ങൾക്കിടയിലും പിരിമുറുക്കങ്ങൾ ഉണ്ടായേക്കാമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. എങ്കിലും പരീക്ഷണങ്ങൾക്കിടയിലും ദൈവ സ്തുതികൾ ആലപിച്ച് ചരിത്രത്തിലൂടെ സഞ്ചരിച്ച സഭയുടെ പ്രതീകമാണ് ഗായകസംഘമെന്ന് പാപ്പാ പറഞ്ഞു.
തന്നെത്തന്നെ പൂർണമായി ക്രിസ്തുവിന് സമർപ്പിക്കുകയും ഏറ്റവും മനോഹരമായ സ്നേഹസംഗീതം തന്റെ ജീവിതത്തിലൂടെ കരേറ്റുകയും ചെയ്ത വിശുദ്ധ സിസീലിയായ്ക്ക് ഗായക സംഘാംഗങ്ങളേവരെയും ഭരമേല്പിച്ചുകൊണ്ട് ലിയോ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.