പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; ഉയിര്‍പ്പിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍

പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; ഉയിര്‍പ്പിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളി സന്ദര്‍ശിക്കും.

കൊച്ചി: സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകര്‍ന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.

ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താ മലയില്‍ കുരിശുമരണം വരിച്ച യേശു ക്രിസ്തു മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. 50 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയിലും കുടുംബത്തിലും ലോകത്തും സമാധാനം ഉണ്ടാകട്ടെയെന്ന് ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. നിരാശ പരത്തുന്ന കാര്യങ്ങളാണ് ചുറ്റും കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റര്‍ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു.

കാരിക്കോട് സെന്റ് തോമസ് ദേവാലയത്തില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.


രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി ഇന്ന് ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളി സന്ദര്‍ശിക്കും. വൈകുന്നേരം അഞ്ചിനാണ് സന്ദര്‍ശനം. ഇത് ആദ്യമായാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഒരു ക്രൈസ്വ ദേവാലയം സന്ദര്‍ശിക്കുന്നത്.

ചടങ്ങില്‍ മലങ്കര ഓര്‍ത്തിഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രീതിയന്‍ കത്തോലിക്ക ബാവയും ഫരീദാബാദ് രൂപത ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും പങ്കെടുക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.