ബിജെപി നേതാക്കളുടെ ഈസ്റ്റര്‍ സന്ദര്‍ശനം: ക്രൈസ്തവര്‍ക്കെതിരായ ക്രൂരതകള്‍ മറച്ചു വെക്കാനെന്ന് വി.ഡി സതീശന്‍

ബിജെപി നേതാക്കളുടെ ഈസ്റ്റര്‍ സന്ദര്‍ശനം: ക്രൈസ്തവര്‍ക്കെതിരായ ക്രൂരതകള്‍ മറച്ചു വെക്കാനെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവെക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മത പരിവര്‍ത്തനം നടത്താനാണെന്നുമാണ് കര്‍ണാടകയിലെ ബിജെപി മന്ത്രി മുനിരത്ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്തവരോട് സ്വീകരിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്.

ലോകാരാധ്യയായ മദര്‍ തെരേസക്ക് നല്‍കിയ ഭാരതരത്‌നം പോലും പിന്‍വലിക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇതുവരെ ആര്‍എസ്എസ് നേതാക്കള്‍ ഈ നിലപാടില്‍ നിന്ന് പിന്നാക്കം പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.