തിരുവനന്തപുരം: കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട ഫീസ് കുത്തനേ കൂട്ടിയതിനു പിന്നാലെ ഇനി നിര്‍മിക്കുന്നവയ്ക്കുള്ള അടിസ്ഥാന നികുതി നിരക്കും വര്‍ധിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്തുകളില്‍ നിലവില്‍ വീടുകള്‍ക്ക് ചതുരശ്ര മീറ്ററിന് ഈടാക്കിയിരുന്ന അടിസ്ഥാന നിരക്ക് മൂന്ന് രൂപ മുതല്‍ എട്ട് രൂപ വരെയായിരുന്നു. അത് ആറ് മുതല്‍ പത്ത് രൂപവരെയാക്കി.
മുനിസിപ്പാലിറ്റിയില്‍ വീടുകള്‍ക്ക് ഈടാക്കിയിരുന്നത് ആറ് മുതല്‍ 15 രൂപ വരെയാണ്. ഇത് 8-17 രൂപയാക്കി. കോര്‍പ്പറേഷനുകളില്‍ 8-20 രൂപ എന്നത് 10 മുതല്‍ 22 രൂപ വരെയുമാക്കി. ബജറ്റില്‍ പറയാതിരുന്ന വര്‍ധനയാണിത്.
കൂട്ടിയ നിരക്കിന്റെ അഞ്ച് ശതമാനം വീതം ഓരോ വര്‍ഷവും കൂടും. ഏപ്രില്‍ ഒന്നു മുതലാണിത് പ്രാബല്യത്തില്‍ വരുത്തിയത്. പുതിയ കെട്ടിടങ്ങള്‍ക്കാണ് അടിസ്ഥാന നികുതിയില്‍ വര്‍ധന വരുത്തിയതെന്നു തദ്ദേശവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വിജ്ഞാപനത്തില്‍ ഇക്കാര്യം വ്യക്തമാക്കാത്തതിനാല്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് ഓരോ വര്‍ഷവും അഞ്ചുശതമാനം വീതം നികുതി വര്‍ധിപ്പിച്ച് ഉത്തരവായിരുന്നു. പുതിയ കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന നികുതി പുതുക്കിയതോടെ സംസ്ഥാനത്ത് രണ്ടു തരത്തിലുള്ള കെട്ടിട നികുതി ഉണ്ടാകും. 2023 മാര്‍ച്ച് 31 ന് മുമ്പും അതിനു ശേഷവും നിര്‍മിച്ച കെട്ടിടങ്ങള്‍ എന്ന രീതിയില്‍. ഭാവിയില്‍ നിരക്കുകള്‍ ഒരേ തരത്തിലാകുമെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്.
വീടുകളുടെ ഭാഗമായോ ഹോട്ടലുകളുടെ ഭാഗമായോ നിര്‍മിച്ച നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യങ്ങള്‍, ടര്‍ഫുകള്‍ എന്നിവയ്ക്ക് അതത് വിഭാഗത്തിനുള്ള നികുതിയീടാക്കും. ബങ്കുകള്‍ക്കും പെട്ടിക്കടകള്‍ക്കും നികുതി കുറച്ചിട്ടുണ്ട്.
ലോഡ്ജുകള്‍ക്കും ഹോട്ടല്‍ കെട്ടിടങ്ങള്‍ക്കും നികുതി കൂടും. അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ക്ക് കാര്യമായ വര്‍ധനയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ക്കുപുറമേ മറ്റുള്ളവയുടെ വിഭാഗത്തില്‍ ഏതൊക്കെയെന്നു പറഞ്ഞിട്ടില്ല.
അടിസ്ഥാന നികുതിയുടെ മേല്‍ മറ്റു ഘടകങ്ങളുടെ മൂല്യം കൂട്ടിച്ചേര്‍ത്താണ് അന്തിമ നികുതി കണക്കാക്കുന്നത്. മേഖലകള്‍ തിരിച്ചുള്ള നികുതിക്കും ഇതാണ് അടിസ്ഥാനം. ഈടാക്കേണ്ട പുതിയ നിരക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അതാത് സ്ഥലത്തെ പ്രത്യേകത കണക്കിലെടുത്ത് നിശ്ചയിക്കും.
കൂട്ടിയ അടിസ്ഥാന നികുതിയനുസരിച്ച് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 1000 ചതുരശ്രയടിക്ക് 278 രൂപ മുതല്‍ 743 വരെ നല്‍കേണ്ടിയിരുന്നിടത്ത് ഇനി 557 മുതല്‍ 929 വരെ നല്‍കേണ്ടി വരും. മുനിസിപ്പാലിറ്റികളില്‍ 557 മുതല്‍ 1393 വരെ നല്‍കുന്നതിനുപകരം 743-1579 രൂപയായി. കോര്‍പ്പറേഷനില്‍ പഴയ നിരക്ക് 743-1858 രൂപയായിരുന്നത് പുതിയ നിരക്ക് പ്രകാരം 929-2043 രൂപയായി ഉയരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.