ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പ് നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യം തടയുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും എല്ലാ മത വിഭാഗത്തില്‍ പെട്ടവര്‍ക്കും നിയമ പ്രകാരമുള്ള തുല്യ പരിരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
രാജ്യത്ത് ക്രൈസ്തവ മത വിഭാഗത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടന്‍ നായരാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വ്യക്തികള്‍ തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കം പോലും ക്രൈസ്തവ വേട്ടയാടല്‍ ആയി ചിത്രീകരിക്കുന്നുവെന്ന് 217 പേജുള്ള സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
ബിഹാര്‍, ഹരിയാന, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ എട്ട് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് എതിരെ ഉണ്ടായ 495 അക്രമണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇതില്‍ 263 സംഭവങ്ങളില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചതായി കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഈ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ 232 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 334 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളില്‍ പലതും വര്‍ഗീയമായ ആക്രമണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചു. 232 സംഭവങ്ങളില്‍ സര്‍ക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 73 സംഭവങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ പരിഹാരം ആയി.
വസ്തു തര്‍ക്കം, കുടുംബ തര്‍ക്കം, കോവിഡ് മാര്‍ഗരേഖ ലംഘിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് തര്‍ക്കപരിഹാരം ഉണ്ടായത്. ബാക്കിയുള്ള 155 കേസുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 64 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.