തിരുവനന്തപുരം: അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികള്‍ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കുന്ന പ്രവണതയ്ക്ക് ബദല്‍ മാര്‍ഗമായി ഈ മാസം രണ്ടാംവാരം മുതല്‍ ഗള്‍ഫില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ക്കുള്ള സംസ്ഥാനത്തിന്റെ കെ ഫ്‌ലൈറ്റ് പദ്ധതിക്ക് കേന്ദ്രത്തിന്റെ തിരിച്ചടി.
ചാര്‍ട്ടര്‍ വിമാനങ്ങളും അധിക സര്‍വീസുകളും അനുവദിക്കാന്‍ നയപരമായ തീരുമാനം ആവശ്യമാണെന്നും ഇപ്പോള്‍ ഇത്തരം തീരുമാനങ്ങളെടുത്തിട്ടില്ലെന്നും കാട്ടി സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.
വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ 175 സീറ്റുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങവേയാണ് തിരിച്ചടി. കേന്ദ്രാനുമതി ഇല്ലാത്തതിനാല്‍ തിരക്കേറിയ വിഷു, പെരുന്നാള്‍ ആഘോഷക്കാലത്ത് സംസ്ഥാനത്തിന് ചാര്‍ട്ടര്‍ സര്‍വീസുകള്‍ നടത്താനാവില്ല.
വിദേശരാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള സര്‍വീസിന് മുന്‍കൂട്ടി ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ചാര്‍ട്ടര്‍, അധിക സര്‍വീസുകള്‍ സംസ്ഥാനം നടത്തിയാല്‍ അത് രാജ്യത്തിന് അനുവദിച്ച ക്വാട്ടയെ ബാധിക്കുമെന്നാണ് കേന്ദ്രനിലപാട്.
യുഎഇയിലേക്ക് സര്‍വീസ് നടത്തണമെങ്കില്‍ അവിടത്തെ സര്‍ക്കാരിന്റെ ക്ലിയറന്‍സ് നേടണം. വിമാനസര്‍വീസ് നടത്തിപ്പില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ധാരണയും കരാറുമാണുള്ളത്. സംസ്ഥാനത്തിന് ഏതെങ്കിലും വിദേശരാജ്യവുമായി ധാരണയുണ്ടാക്കാനാവില്ല. വിദേശരാജ്യത്തിന്റെ അനുമതിക്കും കേന്ദ്രം വഴിയാണ് അപേക്ഷിക്കേണ്ടത്.
ചാര്‍ട്ടര്‍ സര്‍വീസുകള്‍ക്കായി നേരത്തെ ഇന്ത്യന്‍, വിദേശ വിമാനക്കമ്പനികളുമായി നോര്‍ക്ക ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ ലാന്‍ഡിംഗ് ഫീസ്, പാര്‍ക്കിംഗ് ഫീസ്, യൂസര്‍ ഫീസ് എന്നിവയില്‍ ഇളവുനല്‍കാനും തീരുമാനിച്ചിരുന്നു. പദ്ധതിക്കായി 15 കോടിയുടെ കോര്‍പ്പസ് ഫണ്ട് ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.