നിർബന്ധിത വിവാഹം തടയുവാനും നിയമം : കരട് നിയമത്തിന് ഫ്രഞ്ച് മന്ത്രിസഭാനുമതി

നിർബന്ധിത വിവാഹം തടയുവാനും നിയമം : കരട് നിയമത്തിന് ഫ്രഞ്ച് മന്ത്രിസഭാനുമതി

പാരീസ് : ഫ്രാൻസിൽ നടമാടിയ ഭീകരാക്രമണങ്ങളെത്തുടർന്ന്  ഇസ്ലാമിക തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള കരട് നിയമത്തിന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ബുധനാഴ്ച അനുമതി നൽകി. മുഖ്യധാരാ സമൂഹത്തിൽ നിന്ന് പിന്മാറുന്ന തീവ്ര ഇസ്ലാമിസ്റ്റുകളെ സൂചിപ്പിക്കാൻ മാക്രോൺ "വിഘടനവിരുദ്ധ" ബിൽ എന്നാണ് ആദ്യം ഉപയോഗിച്ചത് . ആ പദ പ്രയോഗത്തെ പലരും വിമർശിച്ചതിനെത്തുടർന്ന്, ഇതിനെ ഇപ്പോൾ "റിപ്പബ്ലിക്കൻ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമം" എന്ന് വിളിക്കുന്നു, പ്രധാനമായും മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നതാണ് ഈ ബില്ലിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.

ബുധനാഴ്ച പത്രസമ്മേളനത്തിൽ ബില്ലിനെ ന്യായീകരിച്ച പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ്, ഈ ബില്ല് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ലെന്നും എന്നാൽ തീവ്ര ഇസ്ലാമികതയുടെ നികൃഷ്ടമായ പ്രത്യയശാസ്ത്രത്തെ ലക്ഷ്യം വെച്ചാണെന്നും പറഞ്ഞു. മതപരമായ മതമൗലികവാദത്തിന് മുന്നിൽ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിന്റെയും വിമോചനത്തിന്റെയും നിയമം എന്നാണ് കാസ്റ്റെക്സ് നിർദ്ദിഷ്ട ബില്ലിനെ വിശേഷിപ്പിച്ചത്.

ഒക്ടോബറിൽ ജൂനിയർ ഹൈസ്കൂൾ അദ്ധ്യാപകനായ സാമുവൽ പാറ്റിയുടെ കൊലപാതകത്തിന് മുമ്പ് നിയമത്തെകുറിച്ചു സർക്കാർ ആലോചനയിലായിരുന്നു . അദ്ധ്യാപകനെതിരായ സോഷ്യൽ മീഡിയ പ്രചാരണത്തെത്തുടർന്ന് 18 കാരനായ ചെചെൻ യുവാവ് നടത്തിയ കൊലപാതകം ബില്ലിന് ഗതിവേഗം കൂട്ടി. ഓൺലൈനിൽ കൂടി നടത്തുന്ന വിദ്വേഷ സംഭാഷണങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തുന്നതിനും സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു .

ഫ്രാൻസിൽ  ജിഹാദി-പ്രചോദിത ആക്രമണങ്ങളുടെ ഒരു നിര തന്നെയാണ് സാമുവേൽ പാറ്റിയുടെ മരണത്തോട് അനുബന്ധിച്ച് അരങ്ങേറിയത്. അതിൽ ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോയിലും ബാറ്റക്ലാൻ കച്ചേരി ഹാളിലുമുള്ള 2015 ലെ ആക്രമണങ്ങളും  ഉൾപ്പെടുന്നു. അതേ വർഷം മെഡിറ്ററേനിയൻ നഗരമായ നൈസിലെ ഒരു പള്ളിയിൽ വച്ചുണ്ടായ കത്തി ആക്രമണം കൂടാതെ ബാസ്റ്റിലേ ഡേ റിവല്ലറുകളിലേക്ക് ഒരാൾ ട്രക്ക് ഇടിച്ച് 86 പേർ കൊല്ലപ്പെട്ട 2016 ലെ ആക്രമണം  ഇവയെല്ലാം തീവ്രവാദികളുടെ പ്രതികാര നടപടികളായിരുന്നു.

ഇറക്കുമതി ചെയ്യപ്പെടുന്നതോടൊപ്പം തന്നെ തദ്ദേശീയമായും ഇസ്ലാമിക തീവ്രവാദം രൂപപ്പെടുന്നു എന്ന് അംഗീകരിച്ച സർക്കാർ, ജിഹാദി പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുമെന്ന് സംശയിക്കുന്ന ഫ്രാൻസിലെ ഇസ്ലാമിക അസോസിയേഷനുകളെയും മോസ്കുകളുടെയും കർശന നിരീക്ഷണത്തിലാക്കി.

“ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ശത്രു തീവ്ര ഇസ്‌ലാമിസം എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്, ഇത് ഫ്രഞ്ചുകാരെ പരസ്പരം ഭിന്നിപ്പിക്കുകയാണ്,” കാസ്റ്റെക്സ് ബുധനാഴ്ച ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ടെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനുപകരം, “തീവ്ര ഇസ്ലാമികതയുടെ വർദ്ധിച്ചുവരുന്ന പിടിയിൽ നിന്ന് മുസ്‌ലിംകളെ മോചിപ്പിക്കുക” എന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാദിച്ചു.

നിർദ്ദിഷ്ട നിയമനിർമ്മാണം പള്ളികൾക്ക് വിദേശ ധനസഹായം ലഭിക്കുന്നത് തടയുന്നത് എളുപ്പമാക്കും, കൂടാതെ മിതവാദികളായ സമുദായ നേതാക്കൾക്ക് തീവ്രവാദമുസ്ളീം വിഭാഗങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യും.

ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിനും നീതിന്യായ മന്ത്രി എറിക് ഡ്യുപോണ്ട്-മോറെറ്റിയും ചേർന്ന് അവതരിപ്പിച്ച കരട് നിയമം, മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികളെ ഇസ്ലാമിക രീതിയിൽ . ഹോം സ്‌കൂൾ ചെയ്യുന്നതിന് അംഗീകാരം നൽകുന്നതിന് കർശനമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്നു. അതേസമയം, പെൺകുട്ടികൾക്ക് കന്യകാത്വ പരിശോധന നടത്തിയാൽ ഡോക്ടർമാർക്ക് പിഴയോ ജയിലിലോ ലഭിക്കും.

ബഹുഭാര്യത്വം ഫ്രാൻസിൽ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്, എന്നാൽ പുതിയ നിയമം ബഹുഭാര്യത്വമുള്ളവരായ അപേക്ഷകർക്ക് റെസിഡൻസി പേപ്പറുകൾ നൽകുന്നതിൽ നിന്നും അധികാരികളെ വിലക്കും. വിവാഹത്തിന് മുമ്പ് ദമ്പതികളെ വെവ്വേറെ അഭിമുഖം നടത്തി അവർ നിർബന്ധിത വിവാഹത്തിൽ ഏർപ്പെടുന്നില്ല എന്ന് അധികാരികൾ ഉറപ്പു വരുത്തും.

മതനിന്ദാനിയമത്തെ പ്രതിരോധിക്കുന്നതിനെതിരെയും ഇസ്ലാം ലോകമെമ്പാടും പ്രതിസന്ധിയിലാണെന്ന അദ്ദേഹത്തിന്റെ വാദത്തിനെതിരെയും ചില മുസ്‌ലിം രാജ്യങ്ങളിൽ കടുത്ത പ്രതിഷേധത്തിനിരയായി മാറിയിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ. തുർക്കി പ്രസിഡന്റ് റീസെപ് ത്വയിപ് എർദോഗൻ ഈ നിർദ്ദിഷ്ട ബില്ലിനെ തുറന്ന പ്രകോപനം എന്ന് വിശേഷിപ്പിക്കുമ്പോൾ ഈജിപ്തിലെ സുന്നി ഇസ്ലാമിക് സ്ഥാപനമായ അൽ-അസറിലെ മത പുരോഹിതന്മാർ മാക്രോണിന്റെ കാഴ്ചപ്പാടുകളെ വംശീയമെന്ന് വിശേഷിപ്പിച്ചു.

“ഫ്രാൻസോ സർക്കാരോ മുസ്ലീങ്ങൾക്കെതിരായ വംശീയത വളർത്തുകയാണെന്ന് അവകാശപ്പെടാൻ ഞാൻ ആരെയും അനുവദിക്കില്ല,” മാക്രോൺ നയം വ്യക്തമാക്കി.

ഫ്രാൻസിലെ മുസ്ലിംകൾ - മുൻ ഫ്രഞ്ച് കോളനികളിൽ , പ്രധാനമായും വടക്ക്, പടിഞ്ഞാറൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവരാണ് . ജനസംഖ്യയുടെ ആറ് ശതമാനം വരുന്ന മുസ്ലീങ്ങൾ ഏകദേശം നാല് ദശലക്ഷം വരും.

ഫ്രഞ്ച് മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാനോ അവയെ തടസ്സപ്പെടുത്താനോ തുനിഞ്ഞു പ്രവർത്തിക്കുന്ന അവസരങ്ങളിൽ ഫ്രഞ്ച് സർക്കാരുകൾ പലപ്പോഴും മുസ്ലിം പാരമ്പര്യവിരുദ്ധ തീരുമാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. 2004 ൽ, നിയമം മൂലം ഫ്രഞ്ച് സ്കൂളുകളിൽ നിന്ന് ശിരോവസ്ത്രം നിരോധിച്ചു, ആറ് വർഷത്തിന് ശേഷം ബുർഖ നിരോധനം എന്ന പേരിൽ പൂർണ്ണമായി മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ പരസ്യമായി ധരിക്കുന്നത് നിരോധിച്ചു. അടുത്തിടെ, ചില തെക്കൻ ഫ്രഞ്ച് കടൽത്തീര റിസോർട്ടുകൾ , മുസ്ലീം സ്ത്രീകളെ പൂർണ്ണ ശരീരമുള്ള ബർകിനിസ് ധരിച്ചാൽ ബീച്ചുകളിൽ നിന്ന് വിലക്കിയിരുന്നു.

ഈ വർഷം ആദ്യം ഇപ്‌സോസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഫ്രാൻസിലെ മുസ്‌ലിം ജനസംഖ്യയുടെ ഒരു സർവേ പ്രകാരം 77 ശതമാനം പേർ ഫ്രാൻസിൽ തങ്ങളുടെ മതം ആചരിക്കുന്നതിൽ തങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, അതേ സർവേയിൽ 44 ശതമാനം ഫ്രഞ്ച് മുസ്‌ലിംകളും സമൂഹത്തിലെ മറ്റുള്ളവർക്ക് തങ്ങളോട് വലിയ പരിഗണനയില്ലെന്ന് വിശ്വസിക്കുന്നു.

കരട് നിയമം, അടുത്ത വർഷം തുടക്കത്തിൽ പാർലമെന്റിൽ ചൂടേറിയ ചർച്ചയ്ക്ക് വഴി വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.