ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്കൊപ്പം കുട്ടികളായാലും മൂന്നായി കണക്കാക്കും; സാധാരണ കുടുംബങ്ങള്‍ക്ക് തിരിച്ചടി

ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്കൊപ്പം കുട്ടികളായാലും മൂന്നായി കണക്കാക്കും; സാധാരണ കുടുംബങ്ങള്‍ക്ക് തിരിച്ചടി

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്കൊപ്പം കുട്ടികളായാലും നിയമലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ മുന്‍ഭാഗത്ത് ഇരുത്തി യാത്ര ചെയ്യുന്ന രീതി ഇനി അനുവദിക്കില്ല. കഴിവതും കുട്ടികളെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനം മാത്രമുള്ള കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ നിര്‍ദേശം.

ഇരുചക്ര വാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം അഞ്ച് നിയമലംഘനങ്ങളാണ് എഐ ക്യാമറ വഴി പിടികൂടുക. ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്ര വാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് കുറ്റകൃത്യം കണ്ടെത്തുന്നത്. ഒരു ദിവസം എത്ര നിയമലംഘനങ്ങള്‍ നടത്തിയാലും അതിനെല്ലാം പിഴ നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമലംഘനം ക്യാമറയില്‍ പതിഞ്ഞാല്‍ ആറു മണിക്കൂറിനകം ഫോണില്‍ പിഴ സന്ദേശം വരും. ഒരു ദിവസം എത്ര നിയമലംഘനം കണ്ടെത്തിയാലും ഇത്തരത്തില്‍ ആറു മണിക്കൂറിന് ശേഷം പിഴ സന്ദേശം ലഭിക്കും. അതായത് നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ആവര്‍ത്തിക്കപ്പെടും.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 2000 രൂപയാണ് പിഴ. ഒരു ദിവസം വാഹനം ഓടിക്കുമ്പോള്‍ അഞ്ച് തവണ വ്യത്യസ്ത സ്ഥലങ്ങളില്‍ മൊബൈലില്‍ സംസാരിക്കുന്നത് എഐ ക്യാമറയില്‍ പതിഞ്ഞാല്‍ 10,000 രൂപ പിഴയായി അടയ്‌ക്കേണ്ടിവരും. സ്ഥിരമായി നിയമലംഘനം നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും.

അതേസമയം വിഐപി വാഹനങ്ങളെ പിഴയില്‍നിന്ന് നിയമപ്രകാരം ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ജഡ്ജിമാര്‍, മറ്റു പ്രധാന പദവികള്‍ വഹിക്കുന്നവര്‍, ക്രമസമാധാനപരിപാലനത്തിനായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരുടെ വാഹനങ്ങളെയാണ് ഒഴിവാക്കുന്നതെന്ന് മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. വിഐപി വാഹനങ്ങളെ ഒഴിവാക്കാന്‍ സോഫ്റ്റുവെയറില്‍ സജ്ജീകരണം ഏര്‍പ്പെടുത്തി. 'ബീക്കണ്‍ ലൈറ്റ് വച്ചിരിക്കുന്ന വാഹനങ്ങളെല്ലാം എമര്‍ജന്‍സി വാഹനങ്ങളാണ്.

വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനാണ് എഐ ക്യാമറകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. 726 ക്യാമറകളാണ് ആകെയുള്ളത്. സര്‍വൈലന്‍സ്, എവിഡന്‍സ്, ക്യാപ്ച്ചര്‍ ക്യാമറ എന്നിങ്ങനെ മൂന്ന് തരത്തിലാണ് നിയമലംഘനങ്ങള്‍ എഐ ക്യാമറകള്‍ ഒപ്പിയെടുക്കുന്നത്. വിഡിയോ സ്‌കാനിങ് സോഫ്റ്റുവെയര്‍ സംവിധാനത്തിലൂടെ വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കും.

മണ്‍വിളയിലെ കെല്‍ട്രോണിന്റെ സെന്റര്‍ ഡേറ്റ ബാങ്കില്‍ ദൃശ്യങ്ങള്‍ ശേഖരിക്കും. ഇവ തരംതിരിച്ച് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ക്ക് കൈമാറും. അവിടെനിന്ന് നാഷനല്‍ ഡേറ്റ ബേസിനു കൈമാറി ഇ-ചെല്ലാന്‍ സൃഷ്ടിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.