ക്രൈസ്തവ സന്യാസ സമൂഹത്തെ അവഹേളിക്കുന്ന നാടകമാണ് കക്കുകളിയെന്ന് കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍

ക്രൈസ്തവ സന്യാസ സമൂഹത്തെ അവഹേളിക്കുന്ന നാടകമാണ് കക്കുകളിയെന്ന് കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍

തിരുവനന്തപുരം: തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്നതാണ് കക്കുകളി എന്ന നാടകമെന്ന് കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍. ഇടതുപക്ഷ ചായ്വുള്ള സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും വേദികള്‍ നല്‍കി ഈ നാടകം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാര്‍ഹമാണ്.

തൃശൂരില്‍ നടന്ന അന്തര്‍ദേശീയ നാടകോത്സവത്തിലും ഗുരുവായൂര്‍ സര്‍ഗോത്സവത്തിലും പ്രസ്തുത നാടകം പ്രദര്‍ശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ക്രൈസ്തവ സമൂഹം കടുത്ത പ്രതിഷേധം അറിയിക്കുകയും പരാതികളും നല്‍കിയിരുന്നു.

സ്വന്തം ജീവിതാന്തസില്‍ അഭിമാനിക്കുകയും നിസ്വാര്‍ത്ഥമായി സമൂഹത്തില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കത്തോലിക്കാ സന്യാസിനിമാരെ അപമാനിക്കുന്ന ഇത്തരം സൃഷ്ടികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. ഒരു വിഭാഗത്തിന് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നാടക പ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും തിരിച്ചറിയണമെന്നുമാണ് കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളകത്തോലിക്കാ മെത്രാന്‍ സമിതി നാടകാവതരണത്തെ അപലപിക്കുകയും സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രസ്തുത നാടകത്തെയും പിന്നണി പ്രവര്‍ത്തകരെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ചിലര്‍ സ്വീകരിക്കുന്നതിന്റെ പിന്നില്‍ ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്നുള്ളതില്‍ സംശയമില്ല.

ഇത്തരത്തില്‍, കൂടുതല്‍ പ്രദര്‍ശനങ്ങളുമായി മുന്നോട്ടുപോകുന്ന പക്ഷം സംസ്ഥാനവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് ക്രൈസ്തവ സമൂഹം നിര്‍ബ്ബന്ധിതരായി തീരുമെന്നും സാംസ്‌കാരിക കേരളത്തിന് കളങ്കമായ നാടകത്തിന്റെ പ്രദര്‍ശനം തടയുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാകണമെന്നും കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.