അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമേട്ടില്‍; ദൗത്യം നാളെ തുടരും

അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമേട്ടില്‍; ദൗത്യം നാളെ തുടരും

തൊടുപുഴ: തിരച്ചിലിനൊടുവില്‍ അരിക്കൊമ്പനെ കണ്ടെത്തി. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനുള്ളത്. നാളെ ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

വനം വകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ശനിയാഴ്ച രാവിലെ എട്ടിന് പുനരാരംഭിക്കുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ രമേശ് ബിഷ്ണോയ് അറിയിച്ചിരുന്നു. ട്രാക്കിങ് സംഘം പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെ പൂര്‍ത്തിയായില്ലെങ്കില്‍ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ നാലരയോടെയാണ് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചത്. രാവിലെ 6.30 ഓടെ അരിക്കൊമ്പനെ ദൗത്യസംഘം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആര്‍ആര്‍ടി സംഘം പിന്നീട് സ്ഥിരീകരിച്ചു.

മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. പന്ത്രണ്ട് മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ദൗത്യം നിര്‍ത്തിവെയ്ക്കാന്‍ ധാരണയാവുകയായിരുന്നു.

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ വിദഗ്ധരെയും കുങ്കിയാനകളെയും പ്രദേശത്തെത്തിച്ചിരുന്നു. അരിക്കൊമ്പനെ പിടിക്കാനായി പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് ദൗത്യസംഘം കാടുകയറിയത്. വനം വകുപ്പിന്റെ വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.