ആംസ്റ്റര്‍ഡാം: വന്ധ്യത നിവാരണ രംഗത്തെ അനാശാസ്യകരമായ പ്രവണതകള്‍ തുറന്നുകാട്ടുന്ന ഒരു സംഭവം നെതര്‍ലന്‍ഡ്സില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ബീജ ദാനത്തിലൂടെ 550-ലധികം കുട്ടികളുടെ പിതാവായതായി സംശയിക്കുന്ന ഡച്ച് പൗരനെതിരെ കോടതി നടപടിക്കൊരുങ്ങിക്കൊരുങ്ങുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നെതര്‍ലന്‍ഡ്സ് സ്വദേശി 41കാരനായ ജോനാഥനെതിരെയാണ് ബീജദാനത്തിന്റെ പേരില്‍ താക്കീത് നല്‍കിയിരിക്കുന്നത്. ഇതിനോടകം ലോകമെമ്പാടും 550ലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇയാള്‍ ഇനിയും ബീജം ദാനം ചെയ്താല്‍ 88,000 പൗണ്ട് (ഏകദേശം 90ലക്ഷത്തിലധികം രൂപ) പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
ബീജദാനത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും കുട്ടികളിലൊരാളുടെ മാതാവും നല്‍കിയ പരാതിയിലാണ് നടപടി.
2017-ല്‍ നെതര്‍ലന്‍ഡ്സിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളിലേക്ക് ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് ജോനാഥനെ വിലക്കിയിരുന്നു. എന്നാല്‍ ഇയാള്‍ ബീജദാനം അവസാനിപ്പിക്കാന്‍ തയ്യാറായില്ല എന്നുമാത്രമല്ല, വിദേശത്തും ഓണ്‍ലൈനായും ബീജദാനം തുടര്‍ന്നു.
ജോനാഥന്‍ ബീജം നല്‍കിയ ക്ലിനിക്കുകളുടെ ലിസ്റ്റെടുക്കാനും ബീജം നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഒരു ബീജ ദാതാവിന് പരമാവധി 25 കുട്ടികളെ വരെ ജനിപ്പിക്കാമെന്നാണ് ഡച്ച് ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. അതും 12 കുടുംബങ്ങള്‍ക്കുള്ളിലായിരിക്കണം. എന്നാല്‍ 2007ല്‍ ബീജം ദാനം ചെയ്യാന്‍ തുടങ്ങിയതിനു ശേഷം 550 മുതല്‍ 600 വരെ കുട്ടികള്‍ക്കാണ് ജോനാഥന്‍ ജന്മം നല്‍കിയത്.
താന്‍ ഇത്രയധികം പേര്‍ക്ക് ബീജം ദാനം ചെയ്തെന്ന വിവരം ഇയാള്‍ മറച്ചുവച്ചാണ് ഈ പ്രവൃത്തി തുടര്‍ന്നതെന്ന് ഹേഗിലെ ജില്ലാ കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ജനിക്കുന്ന നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് മാനസിക സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കും. ബീജം സ്വീകരിച്ച മാതാപിതാക്കളോട് വിവരങ്ങള്‍ പ്രതി മനപൂര്‍വ്വം മറച്ചുവയ്ക്കുകയായിരുന്നുവെന്നും കോടതി പറഞ്ഞു.
ഫെര്‍ട്ടിലിറ്റി രംഗത്ത് നെതര്‍ലന്‍ഡ്സില്‍ മുന്‍പും അഴിമതികള്‍ നടന്നിട്ടുണ്ട്. 2009ലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗികളെ അവരുടെ സമ്മതമില്ലാതെ ബീജസങ്കലനം നടത്താന്‍ സ്വന്തം ബീജം ഉപയോഗിച്ച ഡച്ച് ഫെര്‍ട്ടിലിറ്റി ഡോക്ടര്‍ 49 കുട്ടികളുടെ പിതാവായിരുന്നു.
മെയ്ജറിന്റെ ബീജത്തിലൂടെയുണ്ടായ കുട്ടികളെയും ബീജം സ്വീകരിച്ച രക്ഷിതാക്കളെയും പ്രതിനിധീകരിച്ച് ഒരു ഫൗണ്ടേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇദ്ദേഹം ബീജദാനം തുടരുന്നത് കുട്ടികളുടെ സ്വകാര്യ ജീവിതത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നൂറുകണക്കിന് അര്‍ധസഹോദരങ്ങളുണ്ടെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ കുടുംബങ്ങള്‍. അവര്‍ ആഗ്രഹിക്കാത്ത കാര്യമാണത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നത് കുട്ടികളില്‍ മാനസികാഘാതത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.
2017ലാണ് ജൊനാഥന്‍ മെയ്ജറിന്റെ ബീജദാനം വാര്‍ത്തയാകുന്നത്. ഈ സമയത്ത് നൂറോളം കുട്ടികളുടെ പിതാവായിരുന്നു ഇദ്ദേഹം. അന്ന് ബീജ ക്ലിനിക്കുകള്‍ക്ക് സംഭാവന നല്‍കുന്നത് ഡച്ച് കോടതി വിലക്കിയിരുന്നു. എന്നാല്‍, ഇതിനു ശേഷവും ഇദ്ദേഹം നെതര്‍ലന്‍ഡ്സിനു പുറത്ത് ബീജദാനം തുടരുകയായിരുന്നു. ഡാനിഷ് ബീജ ബാങ്കായ ക്രിയോസിനടക്കം മെയ്ജര്‍ ബീജം നല്‍കിയിരുന്നു. പേരു മാറ്റിയും അല്ലാതെയും ഇതു തുടരുകയായിരുന്നുവെന്നാണ് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.