അരിക്കൊമ്പനെ തുറന്നു വിട്ടു: ഇനി പെരിയാറിലെ രാജ

അരിക്കൊമ്പനെ തുറന്നു വിട്ടു: ഇനി പെരിയാറിലെ രാജ

മൂന്നാര്‍: ചിന്നക്കനാലില്‍ നിന്ന് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. കടുവാ സങ്കേതത്തിലെ ഉള്‍വനത്തിലാണ് ആനയെ തുറന്നുവിട്ടത്. രാത്രി രണ്ടോടെ സീനിയറോഡ വനമേഖലയിലെ മേദകാനത്ത് ജനവാസ മേഖലയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്. ദേഹത്ത് ഘടിപ്പിച്ച ജിപിഎസ് കോളര്‍ വഴി അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കും.

മംഗളാദേവി ക്ഷേത്ര കവാടത്തില്‍ അരിക്കൊമ്പനെ പൂജകളോടെയാണ് സ്വീകരിച്ചത്. രാത്രി പത്തോടെ തേക്കടിയില്‍ എത്തിച്ച അരിക്കൊമ്പനെ ഡോക്ടേഴ്സ് പരിശോധിച്ചു. ആനയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയതിനാല്‍ ആന്റിബയോട്ടിക് ഉള്‍പ്പെടെ നല്‍കി.

പതിനൊന്നു മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.

അരിക്കൊമ്പന്‍ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നു. കൈകാലുകള്‍ ബന്ധിച്ച ശേഷം കുങ്കിയാനകള്‍ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തില്‍ കയറ്റാന്‍ നേരത്തേ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ അരിക്കൊമ്പനെ ലോറിയില്‍ കയറ്റാനായി എന്നത് വിജയമാണ്.

പതിറ്റാണ്ടുകളോളം ചിന്നക്കനാല്‍ അടക്കി ഭരിച്ച അരിക്കൊമ്പനാണ് ഇപ്പോള്‍ കുങ്കിയാനകള്‍ക്ക് കീഴടങ്ങി പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കുടി മേഖലയില്‍ എത്തിയിരിക്കുന്നത്.

അതേസമയം ദൗത്യസംഘം ഉൾകാട്ടിൽ തുടരുകയാണ്. ആനയുടെ ആദ്യ ചലനങ്ങൾ സംഘം നിരീക്ഷിക്കും. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു തുടങ്ങി.

എന്തുകൊണ്ട് മുല്ലക്കുടിയിലേക്ക്

1. സുഭിക്ഷമായ ഭക്ഷണവും വെള്ളവും ലഭ്യമായ സ്ഥലം. ഈറ്റക്കാടുകള്‍ നിറഞ്ഞ പ്രദേശം. സമീപത്ത് ജലസമൃദ്ധമായ തടാകം. തടാകം കടന്നാല്‍ പുല്‍മേട്.
2. തമിഴ് നാടിന്റെ ജനവാസ മേഖലയില്‍ നിന്ന് 30 കിലോമീറ്ററിലധികം ദൂരം. കുമളി ജനവാസ മേഖലയിലേക്കും ഏകദേശം ഇത്രയും അകലം. അതിനാല്‍ നാട്ടിലേക്ക് എത്തില്ല.
3.നിരീക്ഷണത്തിന് സൗകര്യം. മുല്ലക്കുടിയിലും മേതകാനത്തും ഫോറസ്റ്റ് സ്റ്റേഷനുണ്ട്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അടക്കം സജ്ജം. അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള വാച്ചര്‍മാരുടെ സംഘം ഇവിടെ മൂന്നു വര്‍ഷത്തോളം തങ്ങും. അരിക്കൊമ്പന്റെ നീക്കം കൃത്യമായി നിരീക്ഷിക്കാം

റേഡിയോ കോളറിന്റെ ദൗത്യം

1. റേഡിയോ സംവിധാനത്തിലൂടെ ശബ്ദം കേള്‍ക്കാം. മറ്റ് മൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ ഒച്ചപ്പാട് അറിയാം. ജി.പി.എസ് സംവിധാനത്തിലൂടെ സ്ഥാനം തിരിച്ചറിഞ്ഞ് മൃഗങ്ങളെ തുരത്താന്‍ വാച്ചര്‍മാര്‍ക്ക് എത്താന്‍ കഴിയും. ആന നാട്ടിലേക്കുള്ള പാതയിലാണെങ്കില്‍ അപ്പോഴും തിരിച്ചോടിക്കാന്‍ കഴിയും.
2. ബാറ്ററിയുടെ ആയുസ് മൂന്നു വര്‍ഷം. അപ്പോഴേക്കും ആന കാടുമായി ഇണങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.