പാളയം ബസിലിക്ക നവതി ആഘോഷ സമാപനം ഞായറാഴ്ച്ച മുതല്‍ 14 വരെ

പാളയം ബസിലിക്ക നവതി ആഘോഷ സമാപനം ഞായറാഴ്ച്ച മുതല്‍ 14 വരെ

തിരുവനന്തപുരം: പാളയം സമാധാന രാജ്ഞി ബസിലിക്ക നവതി ആഘോഷ പരിപാടികളുടെ സമാപനം ഞായറാഴ്ച്ച മുതല്‍ 14 വരെ നടക്കും. ഞായറാഴ്ച്ച രാവിലെ ഏഴിന് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മുതിര്‍ന്ന ഇടവകാംഗങ്ങളെയും വിവാഹത്തിന്റെ രജത ജൂബിലിയും സുവര്‍ണ ജൂബിലിയും ആഘോഷിക്കുന്നവരെയും ആദരിക്കും. തുടര്‍ന്ന് കൊടിയേറ്റ് നടത്തും. തിങ്കളാഴ്ച രാവിലെ ആറിന് തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ മാത്യൂസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും നടത്തും.

ചൊവ്വാഴ്ച രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധന സമാപനവും തുടര്‍ന്ന് ഫാ. ജോര്‍ജ് മാത്യു കരൂറിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തും. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു ഫാ. ജോസ് ചരുവില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് സാമൂവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം നടത്തും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനു ഫാ. ശാന്തന്‍ ചരുവില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ കുടുംബ നവീകരണ ധ്യാനം നയിക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ചാമക്കാലായില്‍ യൗസേപ്പ് റമ്പാന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് മലങ്കര സഭാ കൂരിയ മെത്രാന്‍ ആന്റണി മാര്‍ സില്‍വാനോസ് കുടുംബ നവീകരണ ധ്യാനം നടത്തും.

പതിമൂന്നിന് വൈകുന്നേരം അഞ്ചിന് പാളയം അയ്യങ്കാളി ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സമ്മേളനം ഉദ്ഘാടനം ചെയ്യും. നവതി ചാരിറ്റി പ്രോഗ്രാം ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വഹിക്കും. മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എംഎല്‍എ നവതി സ്മാരക ഭവന താക്കോല്‍ദാനം നിര്‍വഹിക്കും. ജീവകാരുണ്യ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും. 14 ന് രാവിലെ 8.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി നവതി ആഘോഷത്തിന് സമാപനമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.