താനൂര്‍ ബോട്ടപകടം: തിരച്ചില്‍ ഇന്ന് കൂടി; സ്രാങ്കും ജീവനക്കാരും ഒളിവില്‍

താനൂര്‍ ബോട്ടപകടം: തിരച്ചില്‍ ഇന്ന് കൂടി; സ്രാങ്കും ജീവനക്കാരും ഒളിവില്‍

മലപ്പുറം: താനൂരില്‍ ബോട്ടപടകം നടന്ന തൂവല്‍ തീരത്ത് ഇന്നും തിരച്ചില്‍ തുടരും. ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. തിങ്കളാഴ്ച്ച വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിരുന്നു.

ആരെയും കണ്ടെത്താനുള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തിരച്ചില്‍ തുടരാനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. നാവിക സേനയും രണ്ടു തവണയായി തിരച്ചിലിന് എത്തിയിരുന്നു.

അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ നാസറിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ഇന്നലെ കോഴിക്കോട് നിന്നും പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്.

രഹസ്യ കേന്ദ്രത്തില്‍ വെച്ച് നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. മുന്‍ ദിവസങ്ങളില്‍ അമിതമായി യാത്രക്കാരെ കയറ്റി ദിനേശന്‍ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു.

താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.