വിദേശത്ത് നിന്ന് മലയാള സിനിമയിലേക്ക് കള്ളപ്പണം: നടന്‍കൂടിയായ നിര്‍മാതാവിന് 25 കോടി രൂപ പിഴ; നടപടികള്‍ ശക്തമാക്കി കേന്ദ്ര ഏജന്‍സികള്‍

വിദേശത്ത് നിന്ന് മലയാള സിനിമയിലേക്ക് കള്ളപ്പണം: നടന്‍കൂടിയായ നിര്‍മാതാവിന് 25 കോടി രൂപ പിഴ; നടപടികള്‍ ശക്തമാക്കി കേന്ദ്ര ഏജന്‍സികള്‍

കൊച്ചി: മലയാള സിനിമയിലേക്ക് വന്‍ തോതില്‍ കള്ളപ്പണം വരുന്നെന്ന വിവരത്തെ തുടര്‍ന്ന് ശക്തമായ നടപടികളുമായി ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. വിദേശത്ത് നിന്ന് വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം മലയാള സിനിമ കേന്ദ്രീകരിച്ച് വരുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും ഇഡിയും നിരീക്ഷണം ശക്തമാക്കിയത്.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ആശയ പ്രചാരണത്തിന് വേണ്ടിയുള്ള സിനിമകളുടെ നിര്‍മ്മാണത്തിന് വേണ്ടിയാണ് കള്ളപ്പണം എത്തുന്നതെന്ന് സംശയം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യവും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

മലയാളത്തിലെ പുതിയ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ അതിസൂക്ഷ്മമായി പരിശോധിക്കാനും ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമായി അഞ്ച് നിര്‍മ്മാതാക്കളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ മലയാളത്തിലെ നടന്‍കൂടിയായ നിര്‍മാതാവ് വിദേശത്ത് വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ കമ്പനി 25 കോടിയോളം രൂപ പിഴയടച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം അടുത്ത കാലത്തായി മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ ഒരു നിര്‍മാതാവിനെ ആദായ നികുതി വകുപ്പ് കഴിഞ്ഞ രണ്ട് ദിവസമായി ചോദ്യം ചെയ്ത് വരികയാണ്. ഈ നിര്‍മാതാവിനെ ബിനാമിയാക്കി മലയാള സിനിമയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നു എന്നാണ് ആരോപണം. ഇതാണ് ഇഡി പരിശോധിക്കുന്നത്. നേരത്തെ മലയാളത്തില്‍ ഇറങ്ങുന്ന പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കണം എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

ശേഷിക്കുന്ന മൂന്ന് നിര്‍മ്മതാക്കള്‍ക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ മൊഴിയും രേഖപ്പെടുത്തും.

വിദേശത്ത് നിന്നുള്ള കള്ളപ്പണ നിക്ഷേപമുള്ള സിനിമകളുടെ നിര്‍മാണ വേളയിലാണ് ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് എത്തുന്നതെന്ന ഞെട്ടിപ്പിക്കുന്ന മൊഴിയും ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും വിശദമായി പരിശോധിക്കും. ഷൂട്ടിങ് ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ കേരള പൊലീസും ശക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.