ഇമ്രാന്‍ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക് സുപ്രീം കോടതി; ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശം

ഇമ്രാന്‍ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക് സുപ്രീം കോടതി; ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശം

ഇസ്ലാമബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് പാക്കിസ്ഥാന്‍ സുപ്രീം കോടതി അസാധുവാക്കി. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇമ്രാനെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന്‍ ഖാനെ നാളെ ഹാജരാക്കാമെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അട്ട ബണ്ട്യാല്‍ അംഗീകരിച്ചില്ല. ഒരു മണിക്കൂറിനകം ഇമ്രാനെ കോടതിയില്‍ എത്തിക്കണമെന്ന് ഉത്തരവിട്ടു.

ഇമ്രാന്‍ അറസ്റ്റ് ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇമ്രാനെ കോടതിയിലെത്തിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കോടതിക്ക് പരിസരത്ത് വന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റ് നിയമവിധേയമാണെന്ന ഇസ്ലാമബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഇമ്രാന്റെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യ തലസ്ഥാനത്ത് ഉള്‍പ്പടെ വന്‍ തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ലാഹോറിലെ വസതിക്ക് നേരെ ഇമ്രാന്‍ അനുകൂലികള്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ അഴിമതി ആരോപിച്ചായിരുന്നു അറസ്റ്റ്.

അഴിമതി വിരുദ്ധ കോടതി ഇമ്രാന്‍ ഖാനെ ബുധനാഴ്ച എട്ടു ദിവസത്തേക്ക് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എന്‍.എ.ബി.) കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പാകിസ്ഥാനിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. അതിര്‍ത്തികളില്‍ ബിഎസ്എഫ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.